കുട്ടി മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു, പ്രതി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സ്വഭാവമുള്ളയാൾ: കമ്മീഷണർ
ചെറുപ്പത്തിൽ ഗുജറാത്തിൽ നിന്ന് കേരളത്തിൽ എത്തിയെന്നാണ് പ്രതി പറയുന്നത്
തിരുവനന്തപുരം:തിരുവനന്തപുരം പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി വർക്കല സ്വദേശി ഹസൻ കുട്ടി സ്ഥിരം കുറ്റവാളിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ സി.എച്ച്. നാഗരാജു. 2022ൽ മറ്റൊരു കുട്ടിയെ ഉപദ്രവിച്ചതടക്കം പോക്‌സോ കേസുകൾ പ്രതിയുടെ പേരിലുണ്ടെന്നും പേട്ടയിലെ കുട്ടിയെ മരിച്ചെന്ന് കരുതിയാണ് ഇയാൾ ഉപേക്ഷിച്ചതെന്നും കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടിയെ തട്ടിയെടുത്തതിനും ഉപേക്ഷിച്ചതിനും ഇടയിലെ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. രാത്രി തന്നെ കുട്ടിയെ ഉപേക്ഷിച്ചെന്നും പ്രതി പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രതിക്ക് ജനങ്ങളുമായി ബന്ധമില്ലാത്തതിനാലും വിലാസമില്ലാത്തതിനാലും ഏറെ പണിപ്പെട്ടാണ് പിടികൂടിയതെന്നും പ്രതിക്ക് ഫോണുണ്ടെന്നും അത് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ ഗുജറാത്തിൽ നിന്ന് കേരളത്തിൽ എത്തിയെന്നാണ് പ്രതി പറയുന്നതെന്നും പറഞ്ഞു.
പരിചയമില്ലാത്ത കുട്ടികളെ ആകർഷിച്ച് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സ്വഭാവമുള്ളയാളാണ് പ്രതിയെന്നും മാനസിക പ്രശ്‌നമുള്ളയാളല്ലെന്നും കമ്മീഷണർ പറഞ്ഞു. സംഭവം നടക്കുമ്പോൾ പ്രതി മദ്യപിച്ചിരുന്നതായും വ്യക്തമാക്കി. കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് പ്രതി മൊഴി നൽകിയെന്നും സംഭവത്തിൽ പോക്‌സോ വകുപ്പ് ചേർക്കുമെന്നും അറിയിച്ചു. നേരത്തെ കൊല്ലത്ത് വെച്ചും നാടോടി കുട്ടിയെ തട്ടികൊണ്ടുപോകാൻ ഇയാൾ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ആ സംഭവത്തിൽ കേസില്ലെന്നും വ്യക്തമാക്കി. 2022ൽ മറ്റൊരു കുട്ടിയെ ഉപദ്രവിച്ചതടക്കം പ്രതിക്കെതിരെ രേഖകൾ പ്രകാരം എട്ട് കേസുണ്ടെന്നും വ്യക്തമാക്കി നൂറിലധികം സി സി ടി വി പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്നും അറിയിച്ചു. എന്നാൽ തട്ടിക്കൊണ്ടുപോയതിനും ഉപേക്ഷിച്ചതിനും ഇടയിലുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്നും അത് കൃത്യമായി അന്വേഷിക്കുമെന്നും പറഞ്ഞു. പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
മുമ്പും പോക്സോ കേസിൽ പ്രതിയാണ് ഹസൻകുട്ടി. പേട്ടയിലെ കുട്ടിയെ തട്ടിക്കെണ്ടുപോകുന്നതിന് മുമ്പുള്ള ദിവസമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. കുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. എന്നാൽ കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും ബോധരഹിതയായപ്പോൾ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി.സി.പി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫെബ്രുവരി 19ന് പുലർച്ചെയാണ് നാടോടി ദമ്പതികളായ ബിഹാർ സ്വദേശികളുടെ മകളെ കാണാതായത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ കാണാതാകുകയായിരുന്നു. രണ്ടുപേർ ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിച്ചിരുന്നത്. നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ തിരുവനന്തപുരം ബ്രഹ്മോസിന് സമീപമുള്ള പൊന്തക്കാട്ടിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ കുട്ടിയെങ്ങനെ ബ്രഹ്മോസിന് സമീപമുള്ള പൊന്തക്കാട്ടിൽ എത്തി എന്നതിന് പോലും ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ വേറെയും ദൃശ്യങ്ങൾ ലഭിച്ചതാണ് നിർണായകമായതെന്ന് വിവരമുണ്ട്.
കണ്ടെത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് വയസകാരിയെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ സുരക്ഷ പരിഗണിച്ചായിരുന്നു മാറ്റം. സഹോദരങ്ങളും കുട്ടിയോടൊപ്പം ശിശുക്ഷേമ സമിതിയിലുണ്ട്. എന്നാൽ കുട്ടിയെക്കുറിച്ചുള്ള രേഖ മാതാപിതാക്കളുടെ കൈവശം കാണാത്തതിനെത്തുടർന്ന് കുട്ടിയുടെയും പിതാവിന്റെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു.
Adjust Story Font
16