Quantcast

യൂത്ത് ലീഗ് മാർച്ചിനെതിരായ പൊലീസ് നടപടി; നാളെ മുസ്‌ലിം ലീഗ് പ്രതിഷേധം

പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    18 Jan 2023 2:10 PM GMT

Youth league march
X

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ ദിനം ആചരിക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് സമാധാനപരമായി നടത്തിയ മാർച്ചിന് നേരെയാണ് പോലീസ് ബലപ്രയോഗം നടത്തിയതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ കിരാതമായ മർദനമാണ് പോലീസ് അഴിച്ചുവിട്ടത്. പോലീസ് അതിക്രമത്തിൽ യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളക്കേസിൽ അറസ്റ്റ് ചെയ്തു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാമെന്ന ധാരണ വേണ്ടെന്നും ഇടത് സർക്കാർ നയങ്ങൾക്കെതിരെ ഇനിയുള്ള ദിവസങ്ങളിൽ സമരം രൂക്ഷമാകുമെന്നും പി.എം.എ സലാം പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി മാർച്ച ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. സംഘർഷം രൂക്ഷമായതോടെ കൂടുതൽ പൊലീസ് എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. കണ്ണീർ വാതകവും ഗ്രനേഡും ഉപയോഗിച്ചാണ് പൊലീസ് പ്രവർത്തകരെ നേരിട്ടത്.

TAGS :

Next Story