ആലപ്പുഴയിൽ പട്ടികജാതിക്കോളനിയില്‍ പൊലീസ് അതിക്രമം; സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ചെന്ന് നാട്ടുകാർ
പൊലീസ് ജീപ്പ് നാട്ടുകാർ തടഞ്ഞു വെച്ചു
ആലപ്പുഴ: ചേപ്പാട് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. ബൈക്കിന്റെ താക്കോൽ പൊലീസ് കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു സംഘർഷം. സഹോദരന്മാരായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.പിന്നാലെ പൊലീസ് ജീപ്പ് നാട്ടുകാർ തടഞ്ഞു വെച്ചു.
ചാമ്പക്കണ്ടം പട്ടികജാതി കോളനി നിവാസികളാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. ഇന്നലെ രാത്രി പെട്രോളിങ്ങിനിടെ ബൈക്കിന്റെ താക്കോൽ പൊലീസ് കൊണ്ടുപോകാൻ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്ത സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ പൊലീസ് ആക്രമിച്ചെന്നും നാട്ടുകാർ ആരോപിച്ചു.
കരിയിലകുളങ്ങര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. അറസ്റ്റ് ചെയ്ത രണ്ടുപേരെ കൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ ജീപ്പിൻറെ താക്കോൽ നാട്ടുകാർ ഊരി എടുത്തു. തുടർന്ന് കായംകുളം ഡി.വൈ.എസ്.പി എത്തിയാണ് പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ നിന്നും മോചിപ്പിച്ചത്. ജോലി തടസപ്പെടുത്തി എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പെട്രോളിങ്ങിന് ചെന്നപ്പോൾ പൊലീസിന് നേരെ വാക്കേറ്റം ഉണ്ടാവുകയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയും ചെയ്‌തെന്നാണ് പൊലീസുകാർ പറയുന്നത്. അതേ സമയം പൊലീസ് സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ചെന്നും നാട്ടുകാർ ആരോപിച്ചു.
വീണ്ടും സംഘർഷം ഉണ്ടാകുമോ എന്ന ആശങ്കയുള്ളതിനാൽ കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്.
Adjust Story Font
16