Quantcast

ട്രെയിന്‍ യാത്രക്കാരനെ ബൂട്ടുകൊണ്ട് നിലത്തിട്ട് ചവിട്ടി; പൊലീസ് മര്‍ദനം സ്ലീപ്പർ ടിക്കറ്റില്ലെന്നാരോപിച്ച്

ട്രെയിനിലെ പൊലീസിന്‍റെ രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം. പരിശോധനയ്ക്കെത്തിയ പൊലീസുകാര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് മാത്രമേ ഉള്ളൂവെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മര്‍ദനം

MediaOne Logo

Web Desk

  • Updated:

    2022-01-03 05:49:19.0

Published:

3 Jan 2022 5:38 AM GMT

ട്രെയിന്‍ യാത്രക്കാരനെ ബൂട്ടുകൊണ്ട് നിലത്തിട്ട് ചവിട്ടി; പൊലീസ് മര്‍ദനം സ്ലീപ്പർ ടിക്കറ്റില്ലെന്നാരോപിച്ച്
X

ട്രെയിന്‍ യാത്രക്കാരന് നേരെ പൊലീസ് ക്രൂരത. ബൂട്ടിട്ട കാലുകൊണ്ട് ട്രെയിന്‍ യാത്രക്കാരനെ പൊലീസ് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മംഗലാപുരം-തിരുവനന്തപുരം ട്രെയിനായ മാവേലി എക്സ്പ്രസിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ലീപ്പർ ടിക്കറ്റ് കയ്യിലില്ലെന്ന് ആരോപിച്ചായായിരുന്നു പൊലീസുകാരന്‍ യാത്രക്കാരനെ ക്രൂരമായി ബൂട്ടിട്ട് മർദിച്ചത്.

ട്രെയിനിലെ പൊലീസിന്‍റെ രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം. പരിശോധനയ്ക്കെത്തിയ പൊലീസുകാര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് മാത്രമേ ഉള്ളൂവെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മര്‍ദനം. എ.എസ്.ഐ പ്രമോദ് ആണ് യാത്രക്കാരനെ പ്രകോപനമൊന്നുമില്ലാതെ മര്‍‌ദിച്ചത്. ട്രെയിൻ യാത്രക്കാരനെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വീണ്ടും സംസ്ഥാനത്തെ പൊലീസ് അക്രമം ചര്‍ച്ചയാകുകയാണ്.

മർദിച്ചതിന് പുറമേ ട്രെയിന്‍ തലശ്ശേരി സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരനെ വലിച്ചിറക്കി പുറത്തിട്ടുവെന്നും പറയുന്നുണ്ട്. എന്നാല്‍ ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്നും യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നെന്നും എ.എസ്.ഐ പ്രമോദ് പറയുന്നു. സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ പൊലീസുകാരനെതിരെ നടപടിയെടുക്കുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോവന്‍ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story