കലവൂർ സുഭദ്ര കൊലക്കേസിൽ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു; കോടതി വളപ്പിൽ പൊട്ടിക്കരഞ്ഞ് ശർമിള
താനൊരു തെറ്റും ചെയ്തിട്ടില്ല എന്നായിരുന്നു ശർമിളയുടെ പ്രതികരണം.
ആലപ്പുഴ: കലവൂർ സുഭദ്ര കൊലക്കേസിൽ പ്രതികളെ കൊലപാതകം നടത്തിയ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണ് തെളിവെടുപ്പിനെത്തിച്ചത്. കൊല നടന്ന വീട്ടിലും വസ്ത്രമടക്കം ഉപേക്ഷിച്ച പറമ്പിലും സുഭദ്രയെ കുഴിച്ചിട്ടയിടത്തും പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി.
ഒന്നാം പ്രതി ശർമിളയെയും രണ്ടാംപ്രതി മാത്യൂസിനെയുമാണ് തെളിവെടുപ്പിനെത്തിച്ചത്. ആലപ്പുഴ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് ഇവരെ കസ്റ്റഡിയിൽവിട്ടത്. മൂന്നു മണിയോടെയാണ്, പ്രതികളെ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കലവൂർ കോർത്തുശേരിയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.
ആദ്യം മൃതദേഹം കുഴിച്ചുമൂടിയ കുഴിക്കുസമീപവും വീടിനകത്തും പ്രതികളെ എത്തിച്ചു. തുടർന്ന് വസ്ത്രം കളഞ്ഞ പറമ്പിലേക്കും എത്തിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു സുഭദ്രയുടെ വസ്ത്രവും ഒരു തലയണയും. സുഭദ്ര കിടന്നിരുന്ന തലയണ തോട്ടിൽ നിന്ന് കണ്ടെത്തി. കൊലപാതക സമയം ഈ തലയണയായിരുന്നു ഉപയോഗിച്ചിരുന്നത്.
രക്തക്കറ പുരണ്ടതിനാലാണ് ഇവ ഉപേക്ഷിച്ചത്. സുഭദ്രയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച സ്ഥലം പ്രതികൾ കാട്ടിക്കൊടുത്തു. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ ഉഡുപ്പിയിലേക്ക് കൊണ്ടുപോകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
സ്വർണാഭരണമാണ് ഇനി കണ്ടെത്താനുള്ളത്. സ്വർണം പലയിടത്തും വിറ്റതായും പണയം വച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യം ഉറപ്പുവരുത്തുകയാണ് ഇനിയുള്ള ലക്ഷ്യം. ഇനി പ്രതികളെ ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും സുഭദ്രയുടെ സ്വർണാഭരണങ്ങൾ വിറ്റ മണിപ്പാലിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും. കേസിൽ മൂന്നാം പ്രതി റെയ്‌നോൾഡിന് വേണ്ടി പിന്നീട് കസ്റ്റഡി അപേക്ഷ നൽകും.
അതേസമയം, കോടതിക്ക് അകത്തും വരാന്തയിലും പൊലീസുകാരുമായി സംസാരിച്ചും മാത്യൂസിനോട് തമാശകൾ പറഞ്ഞും സമയം ചെലവഴിച്ച ശർമിള പുറത്തേക്കിറങ്ങിയപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. താനൊരു തെറ്റും ചെയ്തിട്ടില്ല എന്നായിരുന്നു ശർമിളയുടെ പ്രതികരണം. പിന്നെ ആരാണ് ചെയ്തത് എന്ന് മാധ്യമ പ്രവർത്തകർ തിരിച്ചുചോദിച്ചപ്പോൾ അമ്മയെ പോലെയാണ് കണ്ടതെന്നായിരുന്നു ശർമിളയുടെ മറുപടി. കോടതി വളപ്പിൽനിന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
കൊച്ചി കടവന്ത്ര സ്വദേശിനിയായ 72കാരിയെ ആഗസ്റ്റ് ആദ്യമാണ് കാണാതാകുന്നത്. മൃതദേഹം കഴിഞ്ഞ മാസം പത്തിന് ശർമിളയും മാത്യൂസും വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻ്റെ പിറകിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ശർമിളയുമായി വർഷങ്ങളുടെ അടുപ്പമുള്ള സുഭദ്രയെ സ്വർണവും പണവും തട്ടിയെടുക്കാനാണ് ശ്വാസംമുട്ടിച്ചും മർദിച്ചും കൊന്നതെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
Adjust Story Font
16