Quantcast

പൊലീസ് അതിക്രമം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്; ആശ്ചര്യകരമായ ആരോപണമെന്ന് മുഖ്യമന്ത്രി

പൊലീസിനെ താറടിച്ച് കാണിക്കാനുള്ള ശ്രമം സമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    12 Dec 2022 5:21 AM GMT

പൊലീസ് അതിക്രമം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്; ആശ്ചര്യകരമായ ആരോപണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പൊലീസ് സേനയിൽ രാഷ്ട്രീയ വത്കരണം നടക്കുന്നുണ്ടെന്നും ഇത് മൂലം ക്രിമിനലുകളുടെ സ്വാധീനം വർധിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.സ്ത്രീ പീഡന കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിലും അലംഭാവം കാണിക്കുന്നുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയില്‍ പറഞ്ഞു. 'സ്ത്രീകൾ സുരക്ഷിതരല്ലാത്ത സംസ്ഥാനമായി കേരളം മാറി. ഡൽഹിയിൽ നിന്ന് അവാർഡ് കിട്ടിയതിന്റെ പേരിൽ മൂക്കിന് താഴെ നടക്കുന്നത് കാണുന്നില്ല. ഷാരോൺ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം ആണ് പൊലീസ് അന്വേഷണം തുടങ്ങിയത്'... തിരുവനഞ്ചൂര്‍ പറഞ്ഞു.

എന്നാല്‍ ആശ്ചര്യകരമായ ആരോപണമാണ് പ്രതിപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. 'കാര്യക്ഷമമായിട്ടാണ് കേരള പൊലീസ് പ്രവർത്തിക്കുന്നത്. പൊലീസിനെ താറടിച്ച് കാണിക്കാനുള്ള ശ്രമം സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണഗതിയിൽ ഉന്നയിക്കാൻ കഴിയുന്ന കാര്യമല്ല പ്രതിപക്ഷം പറയുന്നത്. നിരവധി അംഗീകാരങ്ങൾ ലഭിച്ച സേനയാണ് കേരള പൊലീസ്. വളരെ കാര്യക്ഷമമായിട്ടാണ് കേരള പൊലീസ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനം രാജ്യമാകെ അംഗീകരിച്ചതാണ്.സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുന്നു'. കേരള പൊലീസ് രാഷ്ട്രീയപരമായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് വസ്തുതാപരമായി ആർക്കും പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പൊലീസ് സേനയ്ക്കെതിരായ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. കോവിഡ് കാലത്തും , പ്രളയസമയത്തും ജനങ്ങൾക്കൊപ്പം നിന്ന് സ്തുത്യർഹമായ സേവനമാണ് പൊലീസ് നടത്തിയത്. പൊലീസ് ഉദ്യേഗസ്ഥർക്കെതിരായ പരാതികളിൽ കൃത്യമായ അന്വേഷണം നടന്നു . 55000 അംഗങ്ങളിൽ 828 പേർക്കെതിരെയാണ് കേസുള്ളത്. 98 ശതമാനം പൊലീസുകാരും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടിട്ടില്ല'. 1.56 ശതമാനം പേർക്കെതിരെ മാത്രമാണ് ക്രിമിനൽ കേസുകൾ ഉള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

TAGS :

Next Story