പൊലീസ് മർദനത്തിനു പിറകെ മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ കേസും
മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറി കെപിഎം റിയാസിനെതിരെയാണ് കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നു കാണിച്ച് തിരൂർ പൊലീസ് കേസെടുത്തത്
പൊലീസ് മർദനത്തിനിരയായ മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറി കെപിഎം റിയാസിനെതിരെ കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നു കാണിച്ചാണ് റിയാസിനെതിരെ തിരൂർ പൊലീസ് കേസെടുത്തത്. പൊലീസ് എത്തിയ സമയത്ത് കടയിലുണ്ടായിരുന്ന റിയാസ് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെയാണ് കേസ്.
പുറത്തൂർ പുതുപ്പള്ളിയിൽ വീടിനു തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് റിയാസിനെ തിരൂർ സിഐ ഫർസാദ് ലാത്തിയുമായി നേരിട്ടത്. കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ മാറിയിരിക്കുകയായിരുന്നു റിയാസ്. എന്നാൽ, ഇവിടെയെത്തിയ പൊലീസ് സംഘം കടയിൽ കയറി സിഐയുടെ നേതൃത്വത്തിൽ അതിക്രമമഴിച്ചുവിടുകയായിരുന്നു. റിയാസിനെ ലാത്തികൊണ്ട് പൊതിരെ തല്ലി. മാധ്യമ പ്രവർത്തകനാണെന്നു പറഞ്ഞപ്പോൾ മോശം ഭാഷയിൽ സിഐ അധിക്ഷേപവും നടത്തി. പൊലീസ് ആക്രമണത്തിൽ റിയാസിന്റെ കൈയിലും കാലിലും തോളിലും പൊട്ടലുണ്ട്.
മാധ്യമം ജില്ലാ ലേഖകനാണ് കെപിഎം റിയാസ്. പൊലീസിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പത്രപ്രവർത്തക യൂനിയൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. പൊലീസ് അധികൃതരുടെ ഇത്തരത്തിലുള്ള നരനായാട്ട് അംഗീകരിക്കാനാകില്ലെന്ന് യൂനിയൻ പ്രസ്താവനയിൽ വ്യക്തമാക്കി.
Adjust Story Font
16