രേഷ്മയുടെ അജ്ഞാത ഫേസ് ബുക്ക് സുഹൃത്ത് ആര്? എവിടെ? അനന്ദുവിനെ തേടി പൊലീസ്
ആത്മഹത്യ ചെയ്ത യുവതികളിൽ ഒരാൾ രേഷ്മയെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.
നവജാത ശിശുവിനെ ഉപേക്ഷിച്ച കേസിൽ പ്രതി രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്ത് ആരെന്ന് അറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സാങ്കേതിക വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിനാൽ രേഷ്മയെ ചോദ്യംചെയ്യാൻ സാധിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്ത് അനന്ദു ആരെന്ന് കണ്ടെത്താൻ പൊലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇയാളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട് എങ്കിലും വിശദാംശങ്ങൾ ലഭിക്കാൻ സമയമെടുക്കും. സൈബർ സെൽ മുഖേനയാണ് പൊലീസ് ഫേസ്‍ബുക്കിനെ സമീപിച്ചിരിക്കുന്നത്. കൊല്ലം സ്വദേശിയാണ് അനന്ദു എന്നാണ് പൊലീസ് നിഗമനം. പക്ഷെ പൊലീസ് ഇത് ഉറപ്പിക്കുന്നില്ല. അനന്ദു യഥാർഥ പേരാണെന്നും പൊലീസ് കരുതുന്നില്ല.
കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത ആര്യയ്ക്കും ഗ്രീഷ്മ - അനന്ദുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാമോ എന്ന് പൊലീസ് സംശയിക്കുന്നു. ആത്മഹത്യ ചെയ്ത യുവതികളിൽ ഒരാൾ രേഷ്മയെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. ആര്യയുടെയും ഗ്രീഷ്മയുടെയും ഫോൺ കോളുകളും ഫേസ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കാൻ കൂടിയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ അനന്ദുവുമായി ബന്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കോവിഡ് ബാധിത ആയതിനാൽ പ്രതി രേഷ്മയെ വിശദമായി ചോദ്യംചെയ്യാനും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
രേഷ്മയുടെ ഭർത്താവിന്‍റെ സഹോദര ഭാര്യ ആര്യ, ഭർത്താവിന്‍റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരാണ് ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കിയത്. രേഷ്മ വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങൾ ആത്മഹത്യാ കുറിപ്പിൽ ഉണ്ട്. ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഫേസ്ബുക്ക് സുഹൃത്തിന്‍റെ നിർദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് രേഷ്മയുടെ മൊഴി. അനന്ദു എന്ന പേരിലാണ് ഫേസ് ബുക്ക് അക്കൌണ്ട്. അനന്ദു യഥാർഥ പേരാണോ എന്ന് സംശയമുണ്ട്. വർക്കലയിലേക്കും പരവൂരിലേക്കും കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ വിളിച്ച് സന്ദേശങ്ങൾ കണ്ടെത്തി. എന്നാൽ ഇരു സ്ഥലങ്ങളിലും രേഷ്മ എത്തിയെങ്കിലും അജ്ഞാത സുഹൃത്ത് അവിടെ എത്തിയിട്ടില്ലെന്നാണ് തുടര്‍ന്നുള്ള സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
Adjust Story Font
16