മലമ്പുഴ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘത്തെ പുറത്തെത്തിച്ചു
രക്ഷാ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ച് ഏറെ നേരം ഒരു കാട്ടനക്കൂട്ടം ദൗത്യസംഘത്തിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു
ഇന്നലെ രാത്രി പാലക്കാട് മലമ്പുഴ വനത്തിൽ കുടുങ്ങിയ പൊലീസ് സംഘത്തെ പുറത്തെത്തിച്ചു. ഏറെ സാഹസികമായി നടന്ന രക്ഷാ പ്രവർത്തനത്തിലാണ് പോലീസുകാരെ പുറത്തെത്തിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ച് ഏറെ നേരം ഒരു കാട്ടനക്കൂട്ടം ദൗത്യസംഘത്തിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു.
കഞ്ചാവ് കൃഷി നശിപ്പിക്കാനായി വനത്തിൽ കയറിയ 14 അംഗ പൊലീസ് സംഘമാണ് ഒരു രാത്രി മുഴുവൻ വനത്തിൽ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികളും , പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് വനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. കാട് കയറിയ ദൗത്യ സംഘത്തിന് മുന്നിൽ വെല്ലുവിളിയായി 6 കാട്ടനകൾ നിലയുറപ്പിച്ചു. കാടിനെ നന്നായി അറിയുന്ന ആദിവാസികൾ ശബ്ദം ഉണ്ടാക്കിയാണ് ആനക്കൂട്ടത്തെ വഴിതിരിച്ച് വിട്ടത്.
അതെ സമയം വനംവകുപ്പിനെ വിവരം അറിയിക്കാതെ പൊലീസ് ഉദ്യോഗസ്ഥർ ഉൾവനത്തിൽ പ്രവേശിച്ചതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്. തങ്ങളെ വിവരം അറിയിച്ചിരുന്നെങ്കിൽ വഴികാണിക്കാൻ വനംവകുപ്പ് വാച്ചർമാരെ വിട്ടു നൽകുമായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച് റിപ്പോർട്ട് പാലക്കാട് ഡി.എഫ്.ഒ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നാണ് സൂചന. അതെ സമയം രഹസ്യ സ്വഭാവത്തിലുള്ള പരിശോധനക്ക് പോകുമ്പോൾ ആരെയും അറിയിക്കാറില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Adjust Story Font
16