ഭക്ഷണം കഴിച്ചശേഷം പഴകിയ ഭക്ഷണമാണെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ
ഉടമയുടെ നമ്പറുമായി ഹോട്ടലിൽ നിന്ന് മടങ്ങിയ സംഘം പരാതി നൽകാതിരിക്കാൻ നാൽപതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി
വേങ്ങര: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം, പഴകിയ ഭക്ഷണമാണെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ. മലപ്പുറം വേങ്ങരയിലെ ഹോട്ടലുടമയുടെ പരാതിയിലാണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയിൽനിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച യുവാക്കളാണ് അറസ്റ്റിലായത്. ഭക്ഷണം കഴിച്ച യുവാക്കൾ ഒടുവിൽ വാങ്ങിയ ചിക്കന് പഴകിയ രുചിയുണ്ടെന്ന് ആരോപിക്കുകയായിരുന്നു.
ഉടമയുടെ നമ്പറുമായി ഹോട്ടലിൽ നിന്ന് മടങ്ങിയ സംഘം പരാതി നൽകാതിരിക്കാൻ നാൽപതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. വിലപേശലിനൊടുവിൽ 25000 രൂപ നൽകിയാൽ മതിയെന്ന് സമ്മതിച്ചു.ഹോട്ടലിനെതിരെ സമൂഹമാധ്യമങ്ങളിൽവ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണിപ്പെടുത്തി. കേസിൽ പൂച്ചോലമാട് പുതുപ്പറമ്പിൽ ഇബ്രാഹിം, അബ്ദുറഹ്‌മാൻ, റുമീസ്, ഗാന്ധിക്കുന്ന് പൂച്ചോലമാട് സുധീഷ് , താട്ടയിൽ നാസിം എന്നിവരാണ് പിടിയിലായത്. വേങ്ങരയിലെ മറ്റൊരു ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നു. ഇപ്പോൾ പിടിയിലായവരുമായി അടുത്ത ബന്ധമുള്ളവരാണ് അന്ന്പരാതി നൽകിയത്.
Adjust Story Font
16