Quantcast

തലശേരിയിൽ ബോംബ് സ്‌ഫോടനത്തിൽ വയോധികൻ മരിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

തേങ്ങ പെറുക്കാൻ പറമ്പിൽ പോയപ്പോഴാണ് എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ സ്‌ഫോടനത്തിൽ മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-06-19 02:44:04.0

Published:

19 Jun 2024 2:43 AM GMT

Police intensified investigation in Thalassery blast
X

തലശേരി: തലശേരി എരഞ്ഞോളിയിൽ ബോംബ് സ്‌ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വ്യാപക പരിശോധനക്ക് ഡി.ഐ.ജി നിർദേശം നൽകി. സമീപകാലത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണോ സംഭവമെന്ന് പരിശോധിക്കും. വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനാണ് പൊലീസ് നീക്കം.

തേങ്ങ പെറുക്കാൻ പറമ്പിൽ പോയപ്പോഴാണ് എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ സ്‌ഫോടനത്തിൽ മരിച്ചത്. പറമ്പിൽനിന്ന് കിട്ടിയ പാത്രം ബോംബാണെന്ന് തിരിച്ചറിയാതെ വീടിന്റെ വരാന്തയിലെ സിമന്റിട്ട പടിയിൽ തട്ടിത്തുറക്കാൻ ശ്രമിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

ബോംബിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ന്യൂമാഹിയിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷമുണ്ടായിരുന്നു. ഇതിൽ ചിലർക്ക് പരിക്കേറ്റിരുന്നു. എരഞ്ഞോളി പ്രദേശത്ത് തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് ആളുകൾ റിമാൻഡിലാണ്. ഇതിൽ ഏതെങ്കിലും സംഘർഷവുമായി ബന്ധപ്പെട്ടാണോ ബോംബ് എത്തിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കൊല്ലപ്പെട്ട വേലായുധൻ എല്ലാ ദിവസവും പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോകാറുണ്ട്. മുമ്പ് അവിടെ സൂക്ഷിച്ചിരുന്ന ബോംബ് ആണെങ്കിൽ ഇത് നേരത്തെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നു. അതില്ലാത്തതിനാൽ അടുത്ത ദിവസങ്ങളിലാണ് ബോംബ് അവിടെ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം.

അതിനിടെ കണ്ണൂരിൽ ബോംബ് സ്‌ഫോടനങ്ങൾ ആവർത്തിക്കുന്നതിൽ പൊലീസിനെതിരെ വിമർശനം ശക്തമാവുന്നുണ്ട്. സ്‌ഫോടനങ്ങളിൽ നിരപരാധികൾ കൊല്ലപ്പെട്ടിട്ടും അപ്പോൾ ചില റെയ്ഡുകൾ നടക്കുന്നതല്ലാതെ കാര്യക്ഷമമായ നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ വിമർശനം. ഏരഞ്ഞോളി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

TAGS :

Next Story