Quantcast

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യംചെയ്യുന്നു

ഇന്നു രാവിലെയാണു രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഹാജരായത്

MediaOne Logo

Web Desk

  • Updated:

    2023-11-25 08:02:16.0

Published:

25 Nov 2023 7:05 AM GMT

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യംചെയ്യുന്നു
X

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യംചെയ്യുന്നു. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണു ചോദ്യംചെയ്യൽ. കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുൽ പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതായി സംസ്ഥാന പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഇന്നു രാവിലെയാണു രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഹാജരായത്. എം. വിൻസെന്റ് എം.എൽ.എയുടെ കാറിലാണ് അദ്ദേഹം എത്തിയത്. കേസിലെ നാലു പ്രതികളും സ്റ്റേഷനിലുണ്ട്.

കേസിലെ രാഷ്ട്രീയ അജണ്ടയെ കൃത്യമായി രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായി തന്നെ ഇന്ന് സ്റ്റേഷനിൽ ഹാജരാകാതിരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, കേസിൽ തനിക്ക് ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്തതുകൊണ്ടാണ് പൊലീസിന്റെ വേട്ടയോട് ആ രീതിയിൽ തന്നെ പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയത്. ഒരു തെളിവുമില്ലാതെ കേസിൽ പ്രതിചേർത്താൽ ഇവിടെ കോടതിയുണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കേസിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാനത്ത് വ്യാപകമായി തിരിച്ചറിയൽ കാർഡ് നിർമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വിവിധ ആപ്പുകളുടെ സഹായത്തോടെയാണ് ഇതു നിർമിച്ചത്. ഇതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. ഈ കാർഡുകൾ പൊതുതെരഞ്ഞെടുപ്പിൽ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

കേസിൽ അറസ്റ്റിലായ പ്രതികൾക്ക് രാഹുൽ സഹായം ചെയ്തു എന്നതിനെക്കുറിച്ചാണ് അന്വേഷണം. അറസ്റ്റിലായവർക്ക് രാഹുലുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്ക് സഞ്ചരിക്കാൻ രാഹുൽ സ്വന്തം കാർ നൽകിയെന്നും പ്രതികളായ ഫെനി നൈനാനും ബിനിൽ ബിനുവിനും മൊബൈൽ ഒളിപ്പിക്കാൻ സഹായം ചെയ്തുവെന്നുമാണ് പൊലീസ് ഭാഷ്യം. കാർഡ് നിർമാണത്തെക്കുറിച്ച് രാഹുലിന് അറിയാമെന്ന സംശയമാണ് പൊലീസിനുള്ളത്.

കേസിലെ നാല് പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. ഒന്നിടവിട്ട ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഇവർ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.

ഒന്നാം പ്രതി ഫെനി നൈനാനുമായി രാഹുലിന് അടുത്ത ബന്ധമാണുള്ളത്. മറ്റുള്ളവരാവട്ടെ, രാഹുലിന്റെ കർമമണ്ഡലമായ പത്തനംതിട്ടയിലെ പ്രമുഖ യൂത്ത് കോൺഗ്രസ് നേതാക്കളും. അതുകൊണ്ട് കേസിൽ രാഹുലിന് പങ്കുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കാൻ തന്നെയാണ് പൊലീസ് തീരുമാനം.

വിശദമായിത്തന്നെ ചോദ്യംചെയ്യലും നടക്കും. തിരുവനന്തപുരം ഡി.സി.പി നിധിൻ രാജ് അടക്കമുള്ള ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യംചെയ്യും. ആവശ്യമെങ്കിൽ കസ്റ്റഡി അടക്കമുള്ള നടപടികളിലേക്കും കടക്കും. കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്നലെ പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇത് പൊലീസ് മേധാവി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന് ഉടൻ കൈമാറും.

Summary: Police interrogates Rahul Mamkootathil in Youth Congress fake identity card case

TAGS :

Next Story