പൊലീസ് അന്വേഷണവും, പാർട്ടി സമ്മേളനങ്ങളിലെ വിമർശനവും പി. ശശിക്ക് നിർണായകമാകും
അന്വേഷണത്തിൽ പി.ശശിയെ വെള്ളപൂശിയാലും, സംസ്ഥാന സമ്മേളനത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രമീകരണത്തിൽ പാർട്ടി മാറ്റം വരുത്തും
തിരുവനന്തപുരം:പി.ശശിക്കെതിരെ അന്വേഷണമില്ലെന്ന് സംസ്ഥാന നേതൃത്വം പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നിലവിലെ പൊലീസ് അന്വേഷണവും,പാർട്ടി സമ്മേളനങ്ങളിലെ വിമർശനവും നിർണായകമാകും. അന്വേഷണത്തിൽ പി.ശശിയെ വെള്ളപൂശിയാലും, സംസ്ഥാന സമ്മേളനത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രമീകരണത്തിൽ പാർട്ടി മാറ്റം വരുത്തും. പി.വി അൻവർ നൽകിയ പരാതിയിൽ ഉൾപ്പെടുത്താതിരുന്നതാണ് പി. ശശിക്ക് താൽക്കാലികമായി ഗുണമായത്
അൻവറിന്റെ പരാതി ഗൗരവമാണെന്ന് വിലയിരുത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ്,അത് പക്ഷേ പരസ്യമായി സമ്മതിച്ചിട്ടില്ല. മുന്നണിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ അൻവർ പരസ്യമായി പറഞ്ഞതിൽ ചിലർക്കെതിർപ്പുണ്ട്, ചിലർ അനുകൂലിക്കുന്നുമുണ്ട്.
പരാതിയിൽ പി. ശശിയുടെ പേര് ഉണ്ടായിരുന്നെങ്കിൽ പാർട്ടി അന്വേഷണത്തിലേക്ക് നീങ്ങുമെന്നായിരുന്നുവെന്നാണ്അ ൻവറിൻ്റെ പരാതിയെ ഗൗരവമായി പരിഗണിക്കുന്നവരുടെ അഭിപ്രായം.ശശിക്കെതിരെ അന്വേഷണം ഇല്ലെന്ന് പരസ്യമായി പറഞ്ഞെങ്കിലും അന്തിമ തീരുമാനമായി ഇവർ അതിനെ കാണുന്നില്ല.
വരും ദിവസങ്ങളിൽ ശശിയുടെ പേരെഴുതി നൽകിയുള്ള പരാതികൾ പാർട്ടി നേതൃത്വത്തിന് മുന്നിലേക്ക് വന്നേക്കും. പരാതി നൽകുന്നവർ പേരുകൾ പരസ്യമാക്കരുത് എന്ന നിർദേശവും ഇതിൻ്റെ ഭാഗമായി നിൽക്കുന്നവർ നൽകിയിട്ടുണ്ട്. ശശിക്കെതിരെ പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് പരിശോധിക്കുന്നില്ല എന്ന ചോദ്യം സമ്മേളനങ്ങളിൽ ഉയരാതിരിക്കാനാണ് സിപിഎമ്മിനുള്ളിലെ ഈ നീക്കം.
സ്വതന്ത്രനായി ജയിച്ച ഒരു എംഎൽഎ സർക്കാരിനെയും പാർട്ടിയേയും പിടിച്ച് കുലുക്കുന്ന തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയില്ലാതെ ചെയ്യില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.മാത്രമല്ല കെ.ടി ജലീലും കാരാട്ട് റസാക്കും അൻവറിന് പിന്തുണ നൽകുന്നത് യാദൃശ്ചികം അല്ല എന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. നിലവിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കും.
Adjust Story Font
16