മറയൂരില്‍ ആക്രമണത്തിനിരയായ പൊലീസ് ഓഫീസർ അജീഷ് പോൾ ആശുപത്രി വിട്ടു
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കോവിൽക്കടവ് സ്വദേശി സുലൈമാൻ എസ്എച്ച്ഒ രതീഷ് ജിഎസിനെയും അജീഷിനെയും മർദ്ദിച്ചത്
മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്തതിന് യുവാവിന്‍റെ ആക്രമണത്തിനിരയായ ഇടുക്കി മറയൂരിലെ സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ ആശുപത്രി വിട്ടു . എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് അജീഷ് ഡിസ്ചാർജാകുമ്പോള്‍ സഹപ്രവർത്തകരും മന്ത്രി പി രാജീവും ഒപ്പമുണ്ടായിരുന്നു. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ കടന്നുപോയ ദിനങ്ങൾ സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ അതിജീവിച്ചു. മെഡിക്കൽ വിദഗ്ധരും സഹപ്രവർത്തകരും സർവ്വസന്നാഹങ്ങളുമായി അജീഷിനോപ്പം കഴിഞ്ഞ 24 ദിവസവും കൂടെ ഉണ്ടായിരുന്നു. വൈകിട്ടോടെ ആശുപത്രി പടവുകൾ അജീഷ് നടന്നിറങ്ങിയപ്പോൾ വരവേൽക്കാൻ മന്ത്രി പി രാജീവും സഹപ്രവർത്തകരും പൊലീസ് അസോസിയേഷൻ ഭാരവാഹികളും എത്തി.
ഈ മാസം ആദ്യം ഇടുക്കി കാന്തല്ലൂർ കോവിൽക്കടവിലാണ് പൊലീസ് ചെക്കിങ്ങിനിടെ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തപ്പോൾ സുലൈമാൻ എന്ന യുവാവ് കല്ലുകൊണ്ടു അജീഷിന്‍റെ തലയ്ക്ക് അടിച്ചു മാരകമായി പരിക്കേൽപ്പിച്ചത്. ആറുമണിക്കൂർ ശസ്ത്രക്രിയയാണ് ഡോക്ടര്മാര്‍ നടത്തിയത്. തലയോട്ടി തകർന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ട്ടപ്പെട്ട നിലയിലാണ് അജീഷ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വിവിധ തെറാപ്പികളുടെ സഹായത്തോടെ ഭാഗികമായി സംസാരശേഷിയും ശരീരത്തിന്‍റെ ഒരുവശത്തെ ചലനശേഷിയും വീണ്ടെടുത്തതായി മെഡിക്കൽ സംഘം അറിയിച്ചു.
അജീഷിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. യൂണിഫോം അണിഞ്ഞു തിരികെ ജോലിയിൽ പ്രവേശിക്കാൻ അജീഷിന് അല്പം കൂടി വിദഗ്ധ ചികിത്സയുടെ ഭാഗമാകേണ്ടതുണ്ട്.
Adjust Story Font
16