Quantcast

കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി, അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും; ഗവർണറുടെ സുരക്ഷ ശക്തമാക്കി പൊലീസ്

പരിപാടി നടക്കുന്നയിടത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. പ്രധാന റൂട്ടിന് പുറമെ രണ്ട് രഹസ്യ റൂട്ടുകളും ഒരുക്കും

MediaOne Logo

Web Desk

  • Updated:

    2023-12-16 08:09:47.0

Published:

16 Dec 2023 6:50 AM GMT

Police has provided heavy security to Governor Arif Mohammad Khan. The number of members of the Governors commando wing has increased and three additional pilot vehicles have also been allocated
X

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കനത്ത സുരക്ഷയൊരുക്കി പൊലീസ്. ഗവർണറുടെ കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി. അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

പരിപാടി നടക്കുന്നയിടത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഗവർണറുടെ വാഹനത്തിന് ഇരുവശത്തും പൊലീസ് വാഹനങ്ങളുണ്ടാകും. അകമ്പടിയായി 15 വാഹനങ്ങളും. റോഡിന് ഇരുവശത്തും പൊലീസ് സന്നാഹമുണ്ടാകും. പ്രധാന റൂട്ടിന് പുറമെ രണ്ട് രഹസ്യ റൂട്ടുകളും ഒരുക്കും. പ്രതിഷേധക്കാരെ കണ്ടാൽ കരുതൽ തടങ്കലിലാക്കും. വേദികളിലും രാജ്ഭവന് ചുറ്റും 'റിങ് സുരക്ഷ'യൊരുക്കുകയും ചെയ്യും. പുതിയ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽ വരും.

എസ്.എഫ്.ഐ ഉൾപ്പെടെ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു പുതിയ നടപടികൾ. സർവകലാശാലകളോടുള്ള ഗവർണറുടെ നയങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഉറച്ച് മുന്നോട്ടുപോകുകയാണ് ഇടതുസംഘടനകൾ. അധ്യാപകരുടെയും സർവകലാശാല ജീവനക്കാരുടെയും നേതൃത്വത്തിൽ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടക്കുന്നുണ്ട്.

സംഘ്പരിവാർ ബന്ധമുള്ളവരെ സർവകലാശാല സെനറ്റുകളിൽ തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ചാൻസലർ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഡൽഹിയിൽനിന്ന് ഇന്ന് കേരളത്തിൽ തിരിച്ചെത്തുന്ന ഗവർണർക്ക് കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീക്കം. തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇടപെടൽ.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ഗവർണർ ഇന്ന് കരിപ്പൂരിലെത്തും. ആദ്യം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകൻറെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലേക്ക് പോകും. തിങ്കളാഴ്ച 3.30ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സനാതനധർമ്മപീഠം സംഘടിപ്പിക്കുന്ന 'ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ' സെമിനാറിൽ ഗവർണർ പങ്കെടുത്ത ശേഷമാകും അദ്ദേഹം മടങ്ങുക. അതിനിടെ, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ ബാനറുകൾ ഉയർന്നിട്ടുണ്ട്.

Summary: Police has provided heavy security to Governor Arif Mohammad Khan. The number of members of the Governor's commando wing has increased and three additional pilot vehicles have also been allocated

TAGS :

Next Story