ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞിന്‍റെ ജനനം: ഡോക്ടർമാരുടെ മൊഴിയെടുത്ത് പൊലീസ്
ജില്ലാ മെഡിക്കൽ ഓഫീസിൽ ഇന്ന് ചേരുന്ന അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പങ്കെടുക്കും
ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ഡോക്ടർമാരുടെ മൊഴിയെടുത്ത് പൊലീസ്. ഡോ. പുഷ്പ, ഡോ. ഷേർളി എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസിൽ ഇന്ന് അവലോകനയോഗം ചേരും. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ യോഗത്തിൽ പങ്കെടുക്കും.
വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ വകുപ്പുതലത്തിലും പൊലീസ് തലത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് അഡി. ഡയരക്ടർ ഡോ. മീനാക്ഷി റിപ്പോർട്ട് സമർപ്പിച്ചത്. ജില്ലാതലത്തിൽ മെഡിക്കൽ ബോർഡ് ചേരാൻ റിപ്പോർട്ടിൽ നിർദേശമുണ്ട്. വിവിധ ആശുപത്രികൾ അഡീഷണൽ സെക്രട്ടറി സന്ദർശിക്കും.
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് ഗുരുതര വൈകല്യങ്ങളുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമിയുടെ പ്രസവം. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നുമില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന സ്ഥിതിയാണ്. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങ്ങിൽ ഡോക്ടർമാർ വൈകല്യവിവരം അറിയിച്ചില്ലെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.
പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധാരണ വൈകല്യം കണ്ടെത്തിയത്.
Summary: Police record doctors' statements in case of new born with severe disabilities in Alappuzha
Adjust Story Font
16