കൊടകരയിലെ കള്ളപ്പണം ബിജെപിയുടേത് തന്നെയെന്ന് പൊലീസ്
കൊടകരക്കേസിൽ ബന്ധമില്ലെന്ന് ആവർത്തിക്കുന്ന ബിജെപിയെ കുരുക്കിലാക്കുകയാണ് പൊലീസ് റിപ്പോർട്ട്
കൊടകര കള്ളപ്പണക്കേസിലെ പണം ബിജെപിയുടേതെന്ന് പൊലീസ്. പണം കൊണ്ട് വന്നത് ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേഷിന്‍റെ നിർദേശ പ്രകാരമെന്ന് ധർമരാജന്റെ മൊഴിയുണ്ടെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പണമെത്തിച്ചതെന്നും പൊലീസ് റിപ്പോട്ട്. റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
കൊടകരക്കേസിൽ ബന്ധമില്ലെന്ന് ആവർത്തിക്കുന്ന ബിജെപിയെ കുരുക്കിലാക്കുകയാണ് പൊലീസ് റിപ്പോർട്ട്. കൊടകരയിൽ നഷ്ടപ്പെട്ടത് ബിജെപിയുടെ പണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തി നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നു. ആദ്യമായാണ് ബിജെപിയുടെ പണമാണ് ഇതെന്ന് അന്വേഷണ സംഘം രേഖാമൂലം സ്ഥിരീകരിക്കുന്നത്. ധർമരാജൻ മൂന്നരക്കോടി രൂപ എത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പണം കൊണ്ടുവന്നത് കർണാടകയിലെ ബംഗളൂരുവിൽ നിന്നാണ്. കമ്മീഷൻ അടിസ്ഥാനത്തിൽ എത്തിച്ചതാണ് ഹവാലാ പണമെന്നും റിപ്പോർട്ടിലുണ്ട്.
പണം കൊണ്ടുവന്നത് ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേഷിന്‍റെ നിർദേശ പ്രകാരമെന്ന ധർമരാജന്‍റെ മൊഴിയും പോലീസ് ചൂണ്ടിക്കാട്ടുന്നു. ഓഫീസ് സെക്രട്ടറി ഗിരീഷൻ നായരും ഇക്കാര്യം നിർദേശിച്ചെന്ന് ധർമരാജന്‍റെ മൊഴിയിലുണ്ട്. ആലപ്പുഴ ജില്ലാ ട്രഷറർ കർത്തയ്ക്ക് പണം കൈമാറാൻ നിർദേശം നൽകിയത് ഗിരീഷനാണ്. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കവർച്ചാ പണം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ധർമരാജൻ കോടതിയെ സമീപിച്ചിരുന്നു. പണം തന്‍റേതാണെന്ന് തെളിയിക്കുന്ന രേഖകൾ ധർമരാജൻ ഹാജരാക്കിയാൽ കോടതി നേരിട്ടോ ഉദ്യോഗസ്ഥർ വഴിയോ അന്വേഷിച്ച് നിജസ്ഥിതി ഉറപ്പു വരുത്തണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. പണം വിട്ടുനൽകരുതെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16