ഒളിവിൽ കഴിയുന്ന പ്രതിയുടെ കെട്ടിടത്തിൽ പൊലീസ് സംസ്ഥാന കമ്മിറ്റിയോഗം; ഉന്നത ഉദ്യോഗസ്ഥരുടെ താക്കീതിനെ തുടർന്ന് യോഗം റദ്ദാക്കി
കോർപറേഷന്റെ അതിഥി മന്ദിരം വാടകയ്‌ക്കെടുത്ത ശേഷം പൊളിച്ച കേസിൽ ഒളിവിൽ പോയ ജനീഷാണ് വെഡിങ് വില്ലേജിന്റെയും ഉടമ
തൃശൂർ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നുവെന്ന് ആരോപണം ഉയർന്ന തൃശൂരിലെ വെഡിങ് വില്ലേജിൽ പൊലീസ് സംഘടനാ ഭാരവാഹികൾ നടത്താനിരുന്ന യോഗം അവസാന നിമിഷം റദ്ദാക്കി. സ്ഥാപനത്തിന്റെ ഉടമ ജാമ്യമില്ലാക്കേസിൽ ഒളിവിലാണ്. കേസിൽ പെട്ട ആളുടെ കെട്ടിടത്തിൽ യോഗം വേണ്ടെന്ന മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പരിപാടി മാറ്റിയത്.
തൃശൂർ കലക്ടറേറ്റിന് സമീപം പുഴയ്ക്കൽ വെഡിങ് വില്ലേജ്, കോർപ്പറേഷൻ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. ചതുപ്പ് നികത്തി നിർമാണ പ്രവർത്തി നടത്തിയെന്നും ആക്ഷേപമുണ്ട്. കോർപറേഷന്റെ അതിഥി മന്ദിരമായ ബിനി ടൂറിസ്റ്റ് ഹോം വാടകയ്‌ക്കെടുത്ത ശേഷം പൊളിച്ച കേസിൽ ഒളിവിൽ പോയ ജനീഷ് ആണ് വെഡിങ് വില്ലേജിന്റെയും ഉടമ.
ജാമ്യമില്ലാ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ സ്ഥാപനത്തിൽ പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ സംസ്ഥാന യോഗം നടക്കാൻ പോകുന്നുവെന്നത് പൊലീസ് സേനക്കുള്ളിൽ വലിയ ചർച്ചയായി. വേദി മാറ്റാൻ മേലുദ്യോഗസ്ഥർ കർശനനിർദേശം നൽകി. ഇതോടെ വേദി മാറ്റി. ലൈസൻസ് ഇല്ലാത്ത വെഡിങ് വില്ലേജ് അടച്ചു പൂട്ടണമെന്ന ആവശ്യം ശക്തമാണ്. സമീപത്തെ റസിഡന്റ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തുണ്ട്. വെഡിങ് വില്ലേജ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മാർച്ച് നടത്തി. വെഡിങ് വില്ലേജിന് എതിരായ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Adjust Story Font
16