Quantcast

ചോദ്യംചെയ്യലിന് ഹാജരാകാത്ത പി.സി ജോർജിനെതിരെ നിയമനടപടിക്ക് പൊലീസ്; ജാമ്യ ഉപാധി ലംഘിച്ചെന്ന് ഹൈക്കോടതിയെ അറിയിക്കും

ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പി.സി ജോർജിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

MediaOne Logo

Web Desk

  • Updated:

    2022-05-30 00:56:53.0

Published:

30 May 2022 12:54 AM GMT

ചോദ്യംചെയ്യലിന് ഹാജരാകാത്ത പി.സി ജോർജിനെതിരെ നിയമനടപടിക്ക് പൊലീസ്;  ജാമ്യ ഉപാധി ലംഘിച്ചെന്ന് ഹൈക്കോടതിയെ അറിയിക്കും
X

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പി.സി.ജോർജിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കാനാണ് തീരുമാനം. പി.സി.ജോർജ്ജ് ജാമ്യ ഉപാധി ലംഘിച്ചുവെന്നു പൊലീസ് കോടതിയെ അറിയിക്കും.

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പി.സി.ജോർജിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അത് വകവെയ്ക്കാതെ ജോർജ് തൃക്കാക്കരയിൽ എൻ.ഡി.എ പ്രചാരണത്തിനിറങ്ങി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഫോർട്ട് പൊലീസിന്റെ തീരുമാനം. ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധികളുടെ ലംഘനമെന്നാണ് പൊലീസ് വിലയിരുത്തൽ.

ആരോഗ്യ പ്രശ്‌നമുണ്ടെന്ന് മറുപടി നൽകിയ പി.സി.ജോർജ് തൃക്കാക്കരയിലെത്തിയെന്ന് പൊലീസ് കോടതിയെ അറിയിക്കും. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജോർജ് പൊലീസിന് വിശദമായ മറുപടിയും അയച്ചിരുന്നു. മറ്റൊരു ദിവസം ഹാജരാകാമെന്നായിരുന്നു ജോർജിന്റെ വിശദീകരണം. കൂടാതെ പി.സി ജോർജ് തൃക്കാക്കരയിലെത്തുന്നത് തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നിലപാടാണ് ശ്രദ്ധേയം.

ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പിസി ജോർജിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റിന്റെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു പൊലീസ് കേസെടുത്തത്. ഇതില്‍ അനുവദിച്ച ജാമ്യമാണ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പിന്നീട് റദ്ദാക്കിയത്. ജോർജിന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ ഹരജി നല്‍കിയിരിക്കുന്നത്.

TAGS :

Next Story