എല്‍ദോസ് കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്തേക്കും; നടപടി മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധിക്ക് ശേഷം
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ മൊഴിയിലുള്ളത്
കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗം യുവതിയുടെ മൊഴി എടുത്തു. മജിസ്ട്രേറ്റിന് മുമ്പിൽ നൽകിയ പീഡന പരാതി യുവതി ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പിലും ആവർത്തിച്ചതായാണ് വിവരം. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിധിക്ക് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ മൊഴിയിലുള്ളത്. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ യുവതി ഉറച്ചുനില്‍ക്കുന്നു. യുവതിയുടെ താമസസ്ഥലത്തെത്തി വിശദമായ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ തെളിവുകളും വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ശേഖരിക്കും. യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയും തുടര്‍ന്ന് കോവളം സ്‌റ്റേഷനില്‍ നടത്തിയ അന്വേഷണ നടപടികളും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും.
യുവതിയുടെ പരാതി സംബന്ധിച്ച സമഗ്രമായ അന്വേഷണമാകും ക്രൈംബ്രാഞ്ച് സംഘം നടത്തുക. വിവിധ സ്‌റ്റേഷനില്‍ നല്‍കിയ പരാതികളും യുവതിയുടെ വെളിപ്പെടുത്തലുകളും എല്‍ദോസിന് തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.
എൽദോസ് വിവാഹ വാഗ്ദാനം നൽകിയെന്നും പല തവണ ക്രൂരമായി ഉപദ്രവിച്ചെന്നും കേസ് ഒത്തുതീർക്കാൻ 30 ലക്ഷം വാഗ്ദാനം ചെയ്തെന്നും യുവതി ആരോപിക്കുന്നു. മദ്യപിച്ച് ക്രൂരമായി ഉപദ്രവിക്കുന്ന എൽദോസ് മോശക്കാരനാണെന്ന് മനസ്സിലായതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. കഴിഞ്ഞ മാസം 14ന് കോവളത്തിനു സമീപം വച്ച് തന്നെ ആക്രമിച്ചപ്പോൾ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസിനോടും പിന്നീട് ജനറൽ ആശുപത്രിയിലും എൽദോസ് തന്നെ ഭാര്യയെന്നു പരിചയപ്പെടുത്തി. പരാതിയിൽ കേസെടുക്കുന്നതിനു പകരം ഒത്തുതീർക്കാനും പരാതിയില്ലെന്ന് എഴുതി നൽകാനും കോവളം സർക്കിൾ ഇൻസ്പെക്ടർ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു.
Adjust Story Font
16