കോവിഡ് രോഗിയെ റോഡിൽ ഇറക്കിവിട്ട് വാഹനം പൊലീസ് പിടിച്ചെടുത്തു
പൊലീസ് ഇറക്കിവിട്ട ഷഫീഖിനെ ഡി.വൈ.എഫ്.ഐയുടെ സ്‌നേഹവണ്ടിയിലാണ് വീട്ടിലെത്തിച്ചത്.
കോവിഡ് രോഗിയെ റോഡിൽ ഇറക്കിവിട്ട് ബൈക്ക് പൊലീസ് പിടിച്ചെടുത്തതായി ആരോപണം. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പൊലീസ് പിടിച്ചെടുത്തത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആന്റിജൻ ടെസ്റ്റ് ചെയ്ത ഷഫീഖിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങുംവഴിയാണ് പൊലീസ് കൈകാണിച്ച് നിർത്തിയത്. കോവിഡ് രോഗിയാണെന്നു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ലെന്നും ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ കുഴപ്പമുണ്ടെന്നു പറഞ്ഞ് വണ്ടി പിടിച്ചെടുത്തെന്നും ഷഫീഖ് പറയുന്നു.
പൊലീസ് ഇറക്കിവിട്ട ഷഫീഖിനെ ഡി.വൈ.എഫ്.ഐയുടെ സ്‌നേഹവണ്ടിയിലാണ് വീട്ടിലെത്തിച്ചത്. ബൈക്ക് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ പൊലീസ് ഇരുചക്രവാഹനം പിടിച്ചെടുത്തതിനെ തുടർന്ന് രണ്ട് കിലോമീറ്ററിലേറെ ദൂരം നടക്കേണ്ടി വന്ന ഹൃദ്രോഗി കുഴഞ്ഞുവീണു മരിച്ചിരുന്നു. നഗരൂർ കൊടിവിള വീട്ടിൽ സുനിൽ കുമാർ (56) ആണ് മരിച്ചത്. രാത്രി 8.30 ന് നഗരൂർ ആൽത്തറമൂട് ജങ്ഷനിലെ കടയിൽ നിന്ന് പഴംവാങ്ങുന്നതിനിടെയാണ് പൊലീസ് സുനിൽ കുമാറിനെ പിടികൂടിയത്.
സത്യവാങ്മൂലം ഇല്ലാത്തതിനാൽ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത ശേഷം സുനിൽ കുമാറിനെ പൊലീസ് വിട്ടയച്ചു. രണ്ട് കിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Adjust Story Font
16