കൊട്ടിക്കലാശത്തിന് വാസവനും ജോസ് കെ മാണിയുമില്ല; തെരഞ്ഞെടുപ്പിന് പിന്നാലെ കോട്ടയത്ത് പോര്
ൽഡിഎഫിലെ ഭിന്നതയാണ് മന്ത്രി വി.എൻ.വാസവനും ജോസ്.കെ.മാണിയും വിട്ടു നിൽക്കാൻ കാരണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു
കോട്ടയം: കോട്ടയത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മന്ത്രി വി.എൻ.വാസവനും ജോസ്.കെ.മാണിയും എത്താതിരുന്നതിനെ ചൊല്ലി വിവാദം. എൽഡിഎഫിലെ ഭിന്നതയാണ് ഇരുവരും വിട്ടു നിൽക്കാൻ കാരണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു . തോൽവി ഭയന്ന് യുഡിഎഫ് അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് നേതൃത്വം പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കോട്ടയത്ത് രാഷ്ട്രീയ പോരിനു കുറവില്ല . എൽഡിഎഫിൻ്റെ കൊട്ടിക്കലാശത്തിൽ മന്ത്രി വി എൻ വാസവൻ്റെയും ജോസ് കെ മാണിയുടെയും അസാന്നിദ്യം ഉയർത്തിയാണ് പുതിയ വിവാദം. ഇരുവരും കോട്ടയം നഗരത്തിൽ നടന്ന കൊട്ടിക്കലാശത്തിൽ പങ്കെടുത്തിരുന്നില്ല. സിപിഎമ്മും കേരളാ കോൺഗ്രസ് എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇതിനു കാരണമായി യുഡിഎഫ് ആരോപിക്കുന്നത്.
യുഡിഎഫ് ആരോപണം അടിസ്ഥാന രഹിതമെന്ന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു മീഡിയവണിനോട് പറഞ്ഞു. ഇടത് മുന്നേറ്റം ഭയന്ന് ബാലിശമായ ആരോപണം ഉന്നയിക്കുന്നതായും എൽഡിഎഫ് വിശദീകരിക്കുന്നു. കോട്ടയത്ത് കൊട്ടിക്കലാശം നടന്ന എല്ലാ ഇടങ്ങളിലും പോയതായി മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. പത്തനംതിട്ട മണ്ഡലത്തിൻ്റെ ചുമതല ഉണ്ടായിരുന്നതിനാൽ മുണ്ടക്കയത്താണ് കൂടുതൽ കേന്ദ്രീകരിച്ചതെന്നും മന്ത്രി. പാലായിൽ കൊട്ടിക്കലാശത്തിന് എത്തുമെന്ന് ജോസ് കെ മാണി അറിയിച്ചിരുന്നു. എന്നാൽ കടുത്ത തലവേദന മൂലം പരിപാടി ഒഴിവാക്കി വിശ്രമിച്ചതായാണ് കേരളാ കോൺഗ്രസ് എം നേതൃത്വത്തിൻ്റെ വിശദീകരണം.
Adjust Story Font
16