'നിഖിലിന്റെ പ്രവേശനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി, നേതാവിന്റെ പേര് വെളിപ്പെടുത്തില്ല'; എം.എസ്.എം കോളജ് മാനേജർ
നിഖിലിനെതിരെ ഉടൻ പരാതി കൊടുക്കുമെന്ന് എം.എസ്.എം എജ്യുക്കേഷൻ സെക്രട്ടറി ഡോ.ആമിന
കൊച്ചി: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് എം.എസ്.എം കോളജിൽ പ്രവേശനം നൽകിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കായംകുളം എം.എസ്.എം കോളജ് മാനേജർ പി.എ ഹിലാൽ ബാബു. എന്നാൽ നിഖിലിന് വേണ്ടി ഇടപെട്ട നേതാവിന്റെ പേര് വെളിപ്പെടുത്തില്ല.ആ നേതാവിന്റെ രാഷ്ട്രീയ ഭാവി ഓർത്തിട്ടാണ് പേര് വെളിപ്പെടുത്താതെന്നും ഹിലാൽ ബാബു മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ താൻ പരിശോധിക്കാറില്ലെന്നും ഹിലാൽ ബാബു പറഞ്ഞു.
നിഖിൽ തോമസിന് എം.എസ്.എം കോളജിൽ പ്രവേശനം നൽകിയത് മാനേജ്‌മെന്റ് നിർദേശപ്രകാരമെന്ന് മുൻ പ്രിൻസിപ്പൽ ഡോ. എസ് ഭദ്രകുമാരി മീഡിയവണിനോട് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് കോളജ് മാനേജ്മെന്‍റ് ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയത്.
നിഖിലിനെതിരെ ഉടൻ പരാതി കൊടുക്കുമെന്ന് എം.എസ്.എം എജ്യുക്കേഷൻ സെക്രട്ടറി ഡോ.ആമിന പറഞ്ഞു. നിഖിലിന് കലിംഗ സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കും. നിഖില്‍ കോളജിനെ ചതിക്കുകയായിരുന്നു.വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിലിനോട് വിശദീകരണം ചോദിച്ചെന്നും അവർ പറഞ്ഞു.
നിഖിലിന് പ്രവേശനം നൽകണമെന്ന് മാനേജർ വിളിച്ചു ആവശ്യപ്പെട്ടു. സർവകലാശാല പ്രവേശന തീയതി നീട്ടിയ അവസരം ഉപയോഗിച്ചാണ് മാനേജ്‌മെന്റ് സീറ്റിൽ നിഖിൽ പ്രവേശനം നൽകിയത്. കൊമേഴ്‌സ് വകുപ്പ് മേധാവിയും കോളജ് സൂപ്രണ്ടും നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചിട്ടുണ്ട്. പ്രവേശനത്തിന് യോഗ്യനാണെന്ന ശിപാർശയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നൽകിയത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടോണ്ടെയെന്ന് തനിക്ക് അറിയില്ലെന്നും ഭദ്രകുമാരി പറഞ്ഞിരുന്നു.
അതേസമയം, നിഖിൽ തോസമിന്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കേരള സർവകലാശാല കലിംഗ സർവകലാശാലക്ക് മെയിൽ അയച്ചു. സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി തേടിയാണ് മെയിൽ അയച്ചത്. വിഷയത്തിൽ കേരള സർവകലാശാല എം.എസ്.എംകോളജിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Adjust Story Font
16