Quantcast

'സേവാഭാരതി ആംബുലൻസ് കാണിച്ചല്ല പൊളിറ്റിക്കൽ സ്‌റ്റേറ്റ്‌മെൻറ് പറയുക, അതിന് ആറു കോടി മുടക്കി സിനിമയെടുക്കുകയും വേണ്ട'; മേപ്പടിയാൻ വിവാദത്തിൽ ഉണ്ണി മുകുന്ദൻ

സേവാഭാരതി നിരോധിത സംഘടനയല്ലെന്നും 'ശൂ.. ' എന്ന മട്ടിൽ പോകുന്ന സംഭവമായാണ് ആംബുലൻസ് സിനിമയിലുള്ളതെന്നും നടൻ

MediaOne Logo

Web Desk

  • Updated:

    2022-05-22 10:12:31.0

Published:

22 May 2022 9:30 AM GMT

സേവാഭാരതി ആംബുലൻസ് കാണിച്ചല്ല പൊളിറ്റിക്കൽ സ്‌റ്റേറ്റ്‌മെൻറ് പറയുക, അതിന് ആറു കോടി മുടക്കി സിനിമയെടുക്കുകയും വേണ്ട; മേപ്പടിയാൻ വിവാദത്തിൽ ഉണ്ണി മുകുന്ദൻ
X

ആംബുലൻസ് കാണിച്ചല്ല ഒരു പൊളിറ്റിക്കൽ സ്‌റ്റേറ്റ്‌മെൻറ് പറയുകയെന്നും അതിന് ആറു കോടി മുടക്കി സിനിമയെടുക്കേണ്ടതില്ലെന്നും നടൻ ഉണ്ണി മുകുന്ദൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ നായകനായ 'മേപ്പടിയാൻ' സിനിമക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് നടൻ മറുപടി പറഞ്ഞത്. രാഷ്ട്രീയം പറയാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടാൽ മതിയെന്നും ഇത്തരം വിവാദങ്ങൾക്കിടെ സിനിമയുടെ നല്ല വശങ്ങൾ ചർച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.

സേവാഭാരതി നിരോധിത സംഘടനയല്ലെന്നും 'ശൂ.. ' എന്ന മട്ടിൽ പോകുന്ന സംഭവമായാണ് അത് സിനിമയിലുള്ളതെന്നും നടൻ ചൂണ്ടിക്കാട്ടി. ആ ആംബുലൻസ് ഉപയോഗിച്ച് ഒരാൾ ആശുപത്രിയിൽ പോയാൽ അതിൽ രാഷ്ട്രീയമുണ്ടോയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സ്‌റ്റേറ്റ്‌മെൻറ് പറഞ്ഞാലും ക്ലാരിറ്റി പ്രധാനമാണെന്നും ആ സ്ഥിതിക്ക് മേപ്പടിയാനെ കുറിച്ച് ഹാഫ് ബേക്ക്ഡ് ആയ കാര്യം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ പൊളിറ്റിക്‌സ് ഇല്ലെന്നും നടൻ വ്യക്തമാക്കി.

വിനോദപരമായി മേപ്പടിയാൻ പലരെയും ത്രില്ലടിപ്പിച്ചെന്നും ജയകൃഷ്ണനെന്ന ആളുടെ ജീവതത്തിൽ നടക്കുന്ന ഒരു കാര്യമായാണ് സിനിമ സംവിധാനിച്ചതെന്നും നടൻ ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകൻ മുൻ പരിചയമില്ലാതെയെത്തി തിരക്കഥയെഴുതി ഭംഗിയായി സിനിമ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ നല്ല വശങ്ങൾക്ക് അപ്പുറം പലരും നായകൻ അമ്പലത്തിൽപ്പോയി, ആംബുലൻസ് കാണിച്ചു, മുസ്‌ലിം വില്ലൻ, ക്രിസ്ത്യൻ അത്... എന്നിങ്ങനെയുള്ളതാണ് വിവാദമാക്കിയതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. കേരളത്തിൽ ഈ സമുദായത്തിലുള്ളവരല്ലെ ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പിന്നെ നായകൻ കറുത്ത വസ്ത്രമിട്ട് നടക്കുന്നുവെന്നായിരുന്നു ഒരു വിമർശനമെന്നും വെളുപ്പും വെളുപ്പുമിട്ട് ശബരിമലയിൽ പോകാനാകുമോയെന്നും ഉണ്ണി മുകുന്ദൻ ചോദിച്ചു.

മേപ്പടിയാൻ സിനിമ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഈ വിമർശനങ്ങളിൽ മറുപടിയുമായി സംവിധായകൻ വിഷ്ണു മോഹനും രംഗത്തെത്തിയിരുന്നു. ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാൽ ആംബുലൻസുകളെല്ലാം തിരക്കിലായിരുന്നുവെന്നും ഷൂട്ടിന് ആംബുലൻസ് നൽകാൻ തയ്യാറായവർ വലിയ തുക ചോദിച്ച സമയത്ത് സൗജന്യമായി സേവാ ഭാരതി ആംബുലൻസ് നൽകാൻ തയ്യാറായതോടെയാണ് സിനിമയിൽ അത് ഉപയോഗിച്ചതെന്ന് വിഷ്ണു മോഹൻ പറഞ്ഞു. സേവാഭാരതിയെ സംവിധായകൻ വിഷ്ണു മോഹൻ പുകഴ്ത്തുകയും ചെയ്തു. സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എൻ.ജി.ഒ ആണെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ എൻ.ജി.ഒ ഒന്നുമല്ലാത്ത സ്ഥിതിക്ക് അവരുടെ ആംബുലൻസ് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നും സംവിധായകൻ വിഷ്ണു ചോദിച്ചു. ഇനി നാളെ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോൾ ഈ സേവാഭാരതിയെ ഒഴിച്ചുനിർത്താൻ പറ്റില്ലല്ലോ. കേരളത്തിൽ ആർക്കാണ് ഇതെല്ലാം അറിയാത്തത്. ഇവിടുത്തെ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തതല്ലേ. എല്ലാ ദുരന്തങ്ങൾ ഇവിടെ സംഭവിക്കുമ്പോഴും പൊലീസും ഫയർഫോഴ്‌സും കഴിഞ്ഞാൽ ഞാൻ മുന്നിൽ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിർത്തി എങ്ങനെ സിനിമ ചെയ്യാൻ പറ്റും. ഒരു ആംബുലൻസ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകൾ ഇങ്ങനെ പറയാൻ നിന്നാൽ അങ്ങനെയൊക്കെ ചിന്തിച്ചാൽ ഇവിടെ സിനിമ ചെയ്യാൻ പറ്റില്ല- വിഷ്ണു പറഞ്ഞു.

നേരത്തെ ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാൽ, കെ സുരേന്ദ്രൻ എന്നിവരോടൊപ്പമുള്ള വിഷ്ണു മോഹന്റെ ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിരവധി ബി.ജെ.പി വേദികളിൽ വിഷ്ണു മോഹൻ പങ്കെടുത്തതിന്റെ ഫോട്ടോകളും പുറത്തുവന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മേപ്പടിയാനിലെ ഹിന്ദുത്വ ആശയ പ്രചരണത്തിനെതിരെ വിമർശനം ഉയർന്നത്.

ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് മേപ്പടിയാൻ നിർമ്മിച്ചത്. അഞ്ജു കുര്യനായിരുന്നു നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Political statement does not show Through Sevabharati ambulance: Unni Mukundan

TAGS :

Next Story