Quantcast

സംവരണ വിരുദ്ധ രാഷ്ട്രീയം തകർക്കുന്നത് സാമൂഹ്യ നീതിയെ - ഫ്രറ്റേണിറ്റി മൂവ്മെന്റ് ചർച്ച സംഗമം

കേരളം മറ്റു പലസംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ് എന്ന് പറയുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ ദലിത്, ആദിവാസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം ഇതുവരെയും ഉണ്ടായിട്ടില്ല എന്നത് അപമാനകരമാണെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഡോ.പി.കെ പോക്കർ അഭിപ്രായപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2021-05-09 16:39:52.0

Published:

9 May 2021 4:22 PM GMT

സംവരണ വിരുദ്ധ രാഷ്ട്രീയം തകർക്കുന്നത് സാമൂഹ്യ നീതിയെ - ഫ്രറ്റേണിറ്റി മൂവ്മെന്റ് ചർച്ച സംഗമം
X

സംവരണ വിരുദ്ധ രാഷ്ട്രീയം തകർക്കുന്നത് സാമൂഹിക നീതിയെ ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ചർച്ചാ സംഗമം. സർവകലാശാലകളിലെ സംവരണ അട്ടിമറിക്ക് എതിരെ ലേഖനമെഴുതിയ ഡോ.കെ.എസ് മാധവന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് 'politics of the reservation coup in universities' എന്ന തലക്കെട്ടിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചത്.

കേരളം മറ്റു പലസംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ് എന്ന് പറയുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ ദലിത്, ആദിവാസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം ഇതുവരെയും ഉണ്ടായിട്ടില്ല എന്നത് അപമാനകരമാണെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഡോ.പി.കെ പോക്കർ അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെ അട്ടിമറിക്കുകയും അതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്യുന്ന സമീപനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ദാരിദ്ര്യ നിർമ്മാർജനമല്ല സർവകലാശാലകളുടെ ഉദ്ദേശം മറിച് വൈജ്ഞാനിക ഉല്പാദനമാണ്. രാജ്യത്തിൻറെ പുരോഗതി ഉറപ്പുവരുത്തണമെങ്കിൽ എല്ലാ ജനവിഭാഗങ്ങളുടെയും അർഹിക്കുന്ന പ്രാതിനിധ്യം വിജ്ഞാന ഉല്പാദനത്തിൽ ഉറപ്പു വരുത്താൻ കഴിയേണ്ടതുണ്ട് എന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രൊഫസർ കൂടിയായ പി കെ പോക്കർ കൂട്ടിച്ചേർത്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സംവരണ വിരുദ്ധ മാഫിയ ഉണ്ട് എന്നതിനുള്ള തെളിവാണ് കെ എസ് മാധവനെതിരായ നടപടി. സിൻഡിക്കേറ്റ് ചർച്ചചെയ്യാത്ത ഒരു കാര്യം സംവരണ മാഫിയകൾ വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും സഹായത്തോടെ നടത്തുന്ന വേട്ടയാണിതെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അദ്ധ്യാപക നിയമനം സംവരണ നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടുള്ളതാണെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ്. പി സൂചിപ്പിച്ചു. 64 വർഷമായിട്ടും എസ് ടി വിഭാഗത്തിൽ നിന്ന് ഒരാൾ പോലും യൂനിവേസഴ്സിറ്റിയിൽ അദ്ധ്യാപകനായില്ല എന്നുള്ളത് സർവകലാശാലയുടെ സംവരണ വിരുദ്ധതയെ തുറന്നു കാണിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടന സംരക്ഷണത്തിന് മുറവിളി കൂട്ടുന്നവരാണ് സംവരണ അട്ടിമറികൾക്ക് നേതൃത്വം നൽകുന്നത് എന്നത് വിരോധാഭാസമാണ്. സാമൂഹിക നീതിയുടെ ആണിക്കല്ലായ സംവരണത്തിന് വേണ്ടി നിലകൊള്ളുന്നവരെ വേട്ടയാടുന്നതിൽ കേന്ദ്രവും കേരളവും തമ്മിൽ വ്യത്യാസം ഇല്ലാതായിരിക്കുന്നു.വൈവിധ്യങ്ങൾ തീർക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവില്ലായ്മയും സംവരണ അട്ടിമറികൾക്ക് കാരണമാകുന്നുണ്ടെന്ന് ഡോ.പി.കെ സാദിഖ് (Department of Social Communication CEDEC NISWASS Bhubaneswar) ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജൈം പി.കെ ചർച്ചാ സംഗമത്തിന് നേതൃത്വം നൽകി.

TAGS :

Next Story