സംസ്ഥാനത്ത് വോട്ടെടുപ്പ് സമാധാനപൂര്‍ണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി.
സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവങ്ങളുണ്ടായില്ല. ചിലയിടങ്ങളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്.
കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരുമടക്കം എല്ലാ വിഭാഗങ്ങളും വളരെ ആവേശത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കായി. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
66,303 പൊലീസ് ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ക്ക് സുരക്ഷയേകി. എട്ട് ജില്ലകളില്‍ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ബൂത്തുകളില്‍ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടുയന്ത്രങ്ങള്‍ 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍:
*തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍
*തങ്കശ്ശേരി സെന്റ്. അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം
*ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം- പത്തനംതിട്ട മണ്ഡലം
*മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്-മാവേലിക്കര മണ്ഡലം
*ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം
*ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം
*പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഇടുക്കി മണ്ഡലം
*കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം
*ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം
*തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്-തൃശൂര്‍ മണ്ഡലം
*പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍
*തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം
*ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം
*വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്‌ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങള്‍
*മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം
*കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍-വയനാട് മണ്ഡലം
*ചുങ്കത്തറ മാര്‍ത്തോമ കോളേജ് -വയനാട് മണ്ഡലം,
*ചുങ്കത്തറ മാര്‍ത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം
*ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂര്‍ മണ്ഡലം
*പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി-കാസര്‍കോട് മണ്ഡലം.
കളക്ഷന്‍ സെന്ററുകളില്‍ നിന്ന് സ്‌ട്രോങ് റൂമുകളില്‍ എത്തിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് ഡബിള്‍ ലോക്ക് ചെയ്താണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള ഒരു പ്ലറ്റൂണ്‍ സുരക്ഷസേന ഓരോ കേന്ദ്രത്തിന്റെയും സുരക്ഷയ്ക്കായുണ്ടാവും.
രണ്ട് തലങ്ങളിലുള്ള സുരക്ഷാസംവിധാനമാണ് സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്തുണ്ടാവുക. ആദ്യ സുരക്ഷാവലയം സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സും പുറമേയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്‌ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായ കണ്‍ട്രോള്‍ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സിസിടിവി നിരീക്ഷിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇവിടെയെത്തി സുരക്ഷാ സംവിധാനങ്ങള്‍ മനസ്സിലാക്കാന്‍ അവസരമുണ്ടാവും. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്‌ട്രോങ് റൂം തുറക്കുകയെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Adjust Story Font
16