'മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന് പറഞ്ഞതാര്?'; സിപിഎമ്മിനെതിരെ ബദൽ ഓൺലൈൻ ക്വിസ് മത്സരവുമായി പൊന്നാനി ടീം സമസ്ത
'മുസ്‌ലിം പെൺകുട്ടികളുടെ തട്ടം അഴിപ്പിച്ചത് സിപിഎമ്മിൻ്റെ പ്രധാന നേട്ടമാണെന്ന് പ്രസംഗിച്ചതാര്?' എന്നതാണ് മൂന്നാമത്തെ ചോദ്യം.
പ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ബദൽ ഓൺലൈൻ ക്വിസ് മത്സരവുമായി പൊന്നാനി ടീം സമസ്ത കൂട്ടായ്മ. ഇൻതിഫാദ എന്ന പേരിൽ മുസ്‌ലിം ലീഗിനെതിരെ നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിനു പിന്നാലെയാണ് സിപിഎമ്മിനെതിരെയും ക്വിസ് മത്സരം. പൊന്നാനി ടീം സമസ്ത കൂട്ടായ്മ എന്ന് തന്നെയായിരുന്നു സംഘാടകരായി അതിന്റേയും പോസ്റ്ററിൽ ഉണ്ടായിരുന്നത്.
ഇൻതിഫാദ-2 എന്ന പേരിൽ നടത്തുന്ന രണ്ടാമത്തെ ക്വിസ് മത്സരത്തിൽ 25 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 18 വയസ് പ്രായമായ ആർക്കും പങ്കെടുക്കാമെന്നും വിജയികളെ ഇ-മെയിൽ വഴി അറിയിക്കുന്നതാണെന്നും പോസ്റ്ററിൽ പറയുന്നു. മത്സരവിജയികൾക്ക് റെഫ്രിജറേറ്റർ ഉൾപ്പെടെ മൂന്ന് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
'പരിശുദ്ധ ശരീഅത്ത് കാടൻ നിയമമാണെന്ന് ആക്ഷേപിച്ച CPIM ൻ്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി ആരാണ്?'- എന്നതാണ് ഒന്നാമത്തെ ചോദ്യം. 'ഇ.എം ശങ്കരൻ നമ്പൂതിരിപ്പാട്, ഹർകിഷൻ സിങ് സുർജിത്, ജ്യോതി ബസു' എന്നിവയാണ് ഉത്തരത്തിനുള്ള ഓപ്ഷനുകൾ. 'നബി(സ) തങ്ങളെയും കുടുംബത്തെയും ആക്ഷേപിച്ച് 'ലജ്ജ' എന്ന പുസ്തകമെഴുതിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമാ നസ്റിനെ എല്ലാ ഭരണ സംവിധാനങ്ങളും പുറം തള്ളിയപ്പോൾ അവർക്ക് അഭയം നൽകിയ ബംഗാൾ സംസ്ഥാനം അന്ന് ഭരിച്ചിരുന്ന പാർട്ടി ഏതാണ്?' എന്നത് രണ്ടാമത്തെ ചോദ്യമായി ഉൾപ്പെടുത്തിയിരിക്കുന്നു. സിപിഐ, ബിജെപി, സിപിഐഎം എന്നിവയാണ് ഉത്തര സൂചനകൾ.
'മുസ്‌ലിം പെൺകുട്ടികളുടെ തട്ടം അഴിപ്പിച്ചത് സിപിഎമ്മിൻ്റെ പ്രധാന നേട്ടമാണെന്ന് പ്രസംഗിച്ചതാര്?' എന്നതാണ് മൂന്നാമത്തെ ചോദ്യം. സഖാവ് തിലോത്തമ്മൻ, സഖാവ് ചിത്തരജ്ഞൻ, സഖാവ് അനിൽകുമാർ എന്നിങ്ങനെയാണ് ഓപ്ഷനുകൾ. 'ക്യാമ്പസുകളിൽ പുരോഗമന ആശയങ്ങളുടെ മറവിൽ നിരീശ്വര- ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വിദ്യാർഥി സംഘടനയേത്?' എന്ന ചോദ്യമാണ് നാലാമത്തേത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എബിവിപി എന്നിവയാണ് ഓപ്ഷനുകൾ.
അഞ്ചാമതായി, 'കേരളത്തിൽ വരാനിരിക്കുന്നത് അമീർ- ഹസൻ- കുഞ്ഞാലിക്കുട്ടി ഭരണമാണെന്ന വർഗീയ പ്രസ്താവന നടത്തിയ രാഷ്ട്രീയ നേതാവ് ആര്?'- എന്ന ചോദ്യമാണുള്ളത്. വി.എസ് അച്ചുതാനന്ദൻ, കൊടിയേരി, ഇഎംഎസ് എന്നീ പേരുകളിൽ നിന്നാണ് ശരിയുത്തരം തെരഞ്ഞെടുക്കേണ്ടത്. 'വനിതാ മതിൽ എന്ന പേരിൽ സംഘടിപ്പിച്ച കൂത്താട്ടത്തെ വിമർശിച്ച സമസ്തയെ മോശമായ ഭാഷയിൽ ആക്ഷേപിച്ച മുൻ മന്ത്രി ആര്?' എന്നത് ഏഴാമത്തെ ചോദ്യവുമാണ്. കെ.ടി ജലീൽ, തോമസ് ഐസക്, എം.എ ബേബി എന്നിവയാണ് ഓപ്ഷനുകൾ.
'മലപ്പുറത്തിൻ്റെ ഉള്ളടക്കം വർഗീയമാണ് എന്നത് ആരുടെ പ്രസ്താവനയായിരുന്നു?'- എന്ന ചോദ്യം എട്ടാമത്തേതാണ്. കടകംപള്ളി സുരേന്ദ്രൻ, കൊടിയേരി ബാലകൃഷ്ണൻ. കെ സുരേന്ദ്രൻ എന്നിവയാണ് ഇതിനു താഴെ നൽകിയിരിക്കുന്ന പേരുകൾ. 'പുണ്യ നബിയുടെ തിരുകേശത്തെ ബോഡി വെയ്സ്റ്റ് എന്ന് കളിയാക്കിയ നീചൻ ആരാണ്?'- എന്നതാണ് പത്താമത്തെ ചോദ്യം. വത്സൻ തില്ലങ്കേരി, എ. വിജയരാഘവൻ, പിണറായി വിജയൻ എന്നിവയാണ് ഉത്തരത്തിനുള്ള ഓപ്ഷനുകൾ.
'മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് പരീക്ഷ പാസാകുന്നതെന്ന് പറഞ്ഞ് ആക്ഷേപിച്ച കമ്യൂണിസ്റ്റ് നേതാവ്?'- എന്ന 14ാമത്തെ ചോദ്യത്തിന് ഉത്തരമായി എം.എം മണി, എ. വിജയ രാഘവൻ, വി.എസ് അച്ചുതാനന്ദൻ എന്നീ പേരുകൾ ആണ് നൽകിയിരിക്കുന്നത്. 'നിഖാബ് ധരിച്ച മുസ്‌ലിം സ്ത്രീകളെ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്ന് ആക്രോഷിച്ച ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി?'- എന്നതാണ് 22ാമതായി ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യം.
എം.വി ജയരാജൻ, എ. വിജയരാഘവൻ, ശോഭാ സുരേന്ദ്രൻ എന്നിവയാണ് ഉത്തരം തെരഞ്ഞെടുക്കാൻ അതിനൊപ്പം നൽകിയിരിക്കുന്ന പേരുകൾ. 'ടി.പി വധം നടത്തി കുറ്റം മുസ്‌ലിം സമുദായത്തിനു മേൽ ചാർത്താൻ വേണ്ടി സിപിഎം കൊലയാളികൾ യാത്ര ചെയ്ത ഇന്നോവ കാറിൽ പതിച്ച സ്റ്റിക്കർ?'- എ). മാശാ അല്ലാഹ്, ബി). ബിസ്മില്ലാഹ്, സി). 786 എന്നതാണ് 23ാം ചോദ്യം.
'സമസ്തയുടെ പ്രതിസന്ധി ഘട്ടത്തിൽ ശംസുൽ ഉലമ നേരിട്ട് നിയോഗിച്ച സമദാനി സാഹിബിനെ വിജയിപ്പിക്കാൻ നിങ്ങൾ എന്തു ചെയ്യും?'- എന്നതാണ് 25ാമത്തെ ചോദ്യം. ഞാൻ വോട്ട് ചെയ്യും, ഞാനും എൻ്റെ കുടുംബവും വോട്ട് ചെയ്യും, ഞാനും എൻ്റെ കുടുംബവും എൻ്റെ സുഹൃത്തുക്കളും വോട്ട് ചെയ്യും എന്നിവയാണ് ഉത്തരത്തിനുള്ള ഓപ്ഷനുകളായി നൽകിയിരിക്കുന്നത്.
Adjust Story Font
16