ലെക്സിക്കൻ മേധാവിയുടെ വിവാദ നിയമനം; ഡോ:പൂർണിമ മോഹൻ സ്ഥാനമൊഴിഞ്ഞു
യോഗ്യതകളിൽ ഇളവ് വരുത്തിയുളള നിയമനം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
ഡോ. പൂർണിമ മോഹൻ കേരള സർവകലാശാല ലെക്സിക്കൻ മേധാവി സ്ഥാനം രാജിവച്ചു. നിയമനം സംബന്ധിച്ച പരാതി ഗവർണറുടെ പരിഗണനയിലിരിക്കെയാണ് രാജി. യോഗ്യതകളിൽ ഇളവ് വരുത്തിയുളള നിയമനം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മൂന്നു വർഷ കാലാവധിയിലിരിക്കേയാണ് ലെക്സിക്കൻ മേധാവിയായി ഡോക്ടർ പൂർണിമ മോഹനെ നിയമിച്ചത്. ചട്ടപ്രകാരം മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും, 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് ലക്സിക്കന്‍ എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽചട്ടവിരുദ്ധമായാണ് നിയമനം നടന്നത് എന്ന് കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനും ഒരു സെനറ്റ് അംഗവും ഗവർണർക്ക് പരാതി നൽകിയിരുന്നു.
കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായ പൂർണിമ മോഹന് തസ്തികയ്ക്ക് വേണ്ട യോഗ്യതകളില്ല . മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന്‍റെ ഭാര്യയായ പൂർണിമക്ക് വേണ്ടി അനധികൃതമായി നിയമനം നടത്തി എന്നും പരാതിയിൽ പറയുന്നു. ഇതിന്മേൽ കേരള വിസിയോട് ഗവർണർ വിശദീകരണം ചോദിച്ച പശ്ചാത്തലത്തിൽ കൂടിയാണ് രാജി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ അധ്യാപികയുടെ രാജി അംഗീകരിച്ചു. ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസ്സറെ ചുമതലയിൽ നിന്ന് നീക്കിയായിരുന്നു പൂർണിമ മോഹന്റെ നിയമനം.
Adjust Story Font
16