റോമിൽ ഫ്രാൻസിസ് മാർപാപ്പ - സാദിഖലി തങ്ങൾ കൂടിക്കാഴ്ച
ലോക സർവമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സാദിഖലി തങ്ങൾ
കോഴിക്കോട്: ലോക സർവമത സമ്മേളനത്തിൽ പങ്കെടുക്കാനായി റോമിലെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ‘ഇസ്‍ലാമിക കലയും വാസ്തുവിദ്യയും: ഒരു ചരിത്ര ആമുഖം’ എന്ന പേരിലുള്ള പുസ്തകം സാദിഖലി തങ്ങൾ മാർപാപ്പക്ക് സമ്മാനിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് സാദിഖലി തങ്ങൾ റോമിലെത്തിയത്.
പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനര്‍ഘമായ നിമിഷങ്ങളായിരുന്നുവതെന്ന് സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യര്‍ ആശയ വ്യത്യാസങ്ങളുടെ പേരില്‍ വെവ്വേറേ കളങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍, പാരസ്പര്യത്തിന്റെയും സഹവര്‍ത്തത്തിന്റെയും സന്ദേശം പകരുന്ന ഓരോ കൂടിക്കാഴ്ചയും പവിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠമാണ് വത്തിക്കാനിൽ സർവമത സമ്മേളനം സംഘടിപ്പിച്ചത്. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സമ്മേളനം. സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചിരുന്നു.
കര്‍ദിനാള്‍ ലസാരു ഹ്യൂങ് സിക്, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മോണ്‍സിങ്ങൂര്‍ ഇന്‍ഡുനില്‍ ജെ.കൊടിത്തുവാക്, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, സാദിഖലി ശിഹാബ് തങ്ങള്‍, സംഘാടകസമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ജനറല്‍ കണ്‍വീനര്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, കെ. മുരളീധരന്‍ മുരളിയ, സഞ്ജീവനി വെല്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രഘുനാഥൻ നായര്‍, കെ.ജി ബാബുരാജന്‍, ഗ്യാനി രഞ്ജിത് സിങ്, ഫാ. ഡേവിഡ് ചിറമേല്‍, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുന്‍ ജെ.ഫ്രാന്‍സിസ്, മോണ്‍. സാന്തിയാഗോ മൈക്കേല്‍, റവ. ജോര്‍ജ് മൂത്തോലില്‍, കുണ്ഡേലിങ് തത്സക് റിമ്പോച്ചെ, സ്വാമിനി സുധാനന്ദഗിരി, ഡോ. ലോറന്റ് ബാസനീസ്, ആന്റണി ബ്രൗണ്‍, ഫാ. ബെന്‍ ബോസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
വത്തിക്കാന്‍ സ്‌ക്വയറിലെ അഗസ്റ്റിരിയന്‍ ഹാളില്‍ നടന്ന സെമിനാറില്‍ എംഎല്‍എമാരായ സജീവ് ജോസഫ്, സനീഷ് കുമാര്‍ ജോസഫ്, പി.വി ശ്രീനിജന്‍, മാര്‍ത്തോമാ സഭ അല്‍മായ ട്രസ്റ്റി അഡ്വ. ആന്‍സില്‍ കോമാട്ട് തുടങ്ങി ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ദൈവദശകം ഇറ്റാലിയന്‍ ഭാഷയില്‍ ആലപിച്ചാരംഭിച്ച സെമിനാര്‍ സ്വാമി ഋതംഭരാനന്ദയുടെ സര്‍വമത പ്രാര്‍ഥനയോടെയാണ് സമാപിച്ചത്.
Adjust Story Font
16