Quantcast

കേന്ദ്ര ഏജൻസികളുടെ മുസ് ലിം വേട്ടക്കെതിരെ പോപുലർ ഫ്രണ്ട് ഇഡി ഓഫീസ് മാർച്ച് 21ന്

ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന മുസ്ലിം ഉൻമൂലന സിദ്ധാന്തത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മുസ്ലിംവേട്ട നടത്തുന്നതിന് നിലവിൽ കേന്ദ്രഏജൻസികളുടെ അധികാരത്തെ പോലും ദുരുപയോഗം ചെയ്യുകയാണ്. ഇഡിയെ ഭരണകൂട താൽപര്യത്തിന് അനുസരിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരേ സുപ്രിംകോടതി പോലും കഴിഞ്ഞദിവസം വിമർശനം ഉന്നയിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    18 Dec 2021 7:53 AM GMT

കേന്ദ്ര ഏജൻസികളുടെ  മുസ് ലിം  വേട്ടക്കെതിരെ പോപുലർ ഫ്രണ്ട് ഇഡി ഓഫീസ് മാർച്ച് 21ന്
X

കേന്ദ്ര ഏജൻസികളുടെ മുസ് ലിം വേട്ടക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈ 21ന് ചൊവ്വാഴ്ച കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും. ആർഎസ്എസിന്റെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന കളിപ്പാവകളായി കേന്ദ്രസർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ മാറിയിരിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എൻഐഎ, ഇൻകംടാക്‌സ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെയെല്ലാം തങ്ങളുടെ വർഗീയവും വംശീയവും ജനവിരുദ്ധമായ അജണ്ടകൾക്ക് വേണ്ടി ബിജെപി ഭരണകൂടം ഉപയോഗിക്കുകയാണ്. ആർഎസ്എസിനും കേന്ദ്രസർക്കാരിനും എതിരെനിൽക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും വേട്ടയാടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.

ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന മുസ്ലിം ഉൻമൂലന സിദ്ധാന്തത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മുസ്ലിംവേട്ട നടത്തുന്നതിന് നിലവിൽ കേന്ദ്രഏജൻസികളുടെ അധികാരത്തെ പോലും ദുരുപയോഗം ചെയ്യുകയാണ്. ഇഡിയെ ഭരണകൂട താൽപര്യത്തിന് അനുസരിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരേ സുപ്രിംകോടതി പോലും കഴിഞ്ഞദിവസം വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ ചട്ടുകമാകരുതെന്നും പോപുലർ ഫ്രണ്ട് ആവശ്യപ്പെട്ടു.

ജനാധിപത്യ മതേതര വ്യവസ്ഥിതി ഉയർത്തിപ്പിടിക്കുന്ന നമ്മുടെ രാജ്യത്ത് ഭരണഘടനാ വിധേയമായും നിയമപരമായും മാത്രമാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. എന്നാൽ 2014 മുതൽ കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ലഭിച്ച ഭരണാധികാരം, അടിസ്ഥാന ശത്രുക്കളായി ആർഎസ്എസ് പ്രഖ്യാപിച്ച മതന്യൂനപക്ഷങ്ങൾക്കെതിരേ ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായും ദുരുപയോഗം ചെയ്യുകയാണ്. മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ മുതൽ ആൾക്കൂട്ട കൊലകൾ വരെ ഒരുവശത്ത് തുടരുന്നു. അതോടൊപ്പം പൗരത്വ നിഷേധനീക്കങ്ങളും ഭീകരനിയമങ്ങളും അടിച്ചേൽപ്പിക്കുന്നു. ഇവയെല്ലാം നിരന്തരമായ മുസ്ലിം വേട്ടയുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്.

കേരളത്തിൽ ഏതാനും പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകൾ നടത്തിയിരുന്നു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പോപുലർ ഫ്രണ്ടിനെ വേട്ടയാടാൻ 2018 മുതൽതന്നെ ഇഡി ശ്രമങ്ങൾ ആരംഭിച്ചതാണ്. യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെയാണ് കള്ളപ്പണം, വിദേശപണം, കുഴൽപ്പണം തുടങ്ങിയ സാമ്പത്തിക കുറ്റങ്ങൾ ആരോപിച്ച് പോപുലർ ഫ്രണ്ടിനെതിരേ ഇഡി തിരിഞ്ഞത്. വിവിധ സംസ്ഥാനങ്ങളിൽ പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഇഡി സംഘങ്ങൾ പലതവണ കയറിയിറങ്ങിയെങ്കിലും സാമ്പത്തിക കുറ്റങ്ങളോ ക്രമക്കേടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഘടനയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ആർഎസ്എസ്-ബിജെപി അജണ്ടയുടെ ഭാഗമായി തുടരുന്ന രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾ മാത്രമാണ് ഈ റെയ്ഡുകൾ.

മുസ്ലിം ബിസിനസുകാരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ച് തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ സർക്കാർ. മുസ്ലിംകൾ നടത്തുന്ന വ്യാപാര, വ്യവസായ സംരംഭങ്ങൾക്കെതിരേ ഇഡി, ഇൻകം ടാക്സ് തുടങ്ങിയവയെ റെയ്ഡിന് നിയോഗിക്കുകയും പിന്നാലെ സംഘപരിവാര നേതാക്കൾ ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു. കേന്ദ്ര ഏജൻസികൾ കൽപ്പിത കഥകളുമായി മുസ്ലിംകൾക്കെതിരേ പരാക്രമങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ബിജെപി നേതാക്കൾ പ്രതികളായ കോടികളുടെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും കേസുകളിൽ യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറാവുന്നില്ല. സ്വർണക്കടത്ത്, 400 കോടിയുടെ ഹവാല, 200 കോടിയുടെ ലോട്ടറി അഴിമതി, മെഡിക്കൽ കോളജ് കോഴ, തിരഞ്ഞെടുപ്പ് കോഴ, ദേവസ്വം അഴിമതി തുടങ്ങിയ സംഘപരിവാര നേതാക്കളും സഹയാത്രികരും ഉൾപ്പെട്ടിട്ടുള്ള നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇഡിയും മറ്റ് ഏജൻസികളും തയ്യാറായിട്ടില്ല. ഈ കേസുകളുമായി ബന്ധപ്പെട്ട ഓഫീസുകളിലോ വീടുകളിലോ ഒരു റെയ്ഡ് പോലും നടന്നിട്ടുമില്ല.

നിയമവിരുദ്ധ നടപടികളിലൂടെ പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നതോടൊപ്പം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്ന പണിയും ആർഎസ്എസ്സും ബിജെപിയും കേന്ദ്ര ഏജൻസികളെ ഏൽപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ റെയ്ഡ് നടത്തിയതിനുശേഷം പോപുലർ ഫ്രണ്ട് പ്രവർത്തകരെ സാമ്പത്തിക കുറ്റവാളികൾ ആക്കുക മാത്രമല്ല, ബാർ നടത്തിപ്പുകാർ കൂടിയായി ചിത്രീകരിച്ച് ഇഡി ഇറക്കിയ വാർത്തക്കുറിപ്പ് ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ്. മൂന്ന് പതിറ്റാണ്ടോളമുള്ള സംഘടനയുടെ ചരിത്രത്തിലുടനീളം നിരവധി സാമ്പത്തിക ആരോപണങ്ങൾ ശത്രുക്കൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ അവയൊന്നും ഇതുവരെ തെളിയിക്കാൻ ആരോപണം ഉന്നയിച്ചവർക്കോ അന്വേഷണ ഏജൻസികൾക്കോ കഴിഞ്ഞിട്ടില്ല. സംഘപരിവാര ഫാഷിസത്തിന് എതിരായ ഒത്തുതീർപ്പില്ലാത്ത ഈ ജനകീയ മുന്നേറ്റത്തെ അധികാരമുപയോഗിച്ച് അമർച്ച ചെയ്യാമെന്നാണ് ഭരണകൂടം വ്യാമോഹിക്കുന്നതെന്നും യോഗം പ്രസ്താവനയിൽ പറഞ്ഞു.

പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, സി അബ്ദുൽ ഹമീദ്, പി.കെ അബ്ദുൽ ലത്തീഫ്, എസ്. നിസാർ, പി.കെ യഹിയാ തങ്ങൾ, പി. അബ്ദുൽ അസീസ്, സി.കെ റാഷിദ്, തുടങ്ങിയവർ സംസാരിച്ചു.


TAGS :

Next Story