സംഘപരിവാരമുക്ത കേരളം കർമപദ്ധതിക്ക് രൂപം നൽകി പോപുലർ ഫ്രണ്ട്
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചതായും സംഘടന
വംശീയ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വ്യവസ്ഥയെയും ജനങ്ങളെയും രക്ഷിക്കാൻ 'സംഘപരിവാര മുക്ത കേരളം' കർമപദ്ധതി തയാറാക്കിയതായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന പ്രതിനിധിസഭ. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചതായും സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു.
'അടിമത്വത്തിൽ ജീവിക്കാനല്ല, ആസ്വദിക്കാൻ വേണ്ടിയാണ് പൂർവികർ സ്വാതന്ത്ര്യ സമരവീഥിയിൽ സജീവമായിരുന്നത്. ഇന്ത്യയെന്ന ആശയത്തെ തകർത്തെറിഞ്ഞ് അധികാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് മുന്നോട്ടുവെക്കുന്നതും അടിമത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ചെറുത്തുനിൽപ്പുകളും പ്രതിരോധങ്ങളും സജീവമാക്കേണ്ട ഈ ചരിത്ര സന്ദർഭത്തിൽ നമ്മുടെ നിലപാടുകൾ ഒരുതരത്തിലും ഇന്ത്യയുടെ ശത്രുക്കൾക്ക് ആശ്വാസം നൽകുന്നതാവരുത്. സമൂഹത്തിൽ എല്ലാ മേഖലകളിൽ നിന്നും ഫാഷിസത്തെ അകറ്റിനിർത്താൻ കേവല പ്രസ്താവനകൾ കൊണ്ട് മാത്രം സാധ്യമല്ല. തീവ്രഹിന്ദുത്വ ആശയവുമായി ചേർന്നുനിൽക്കുന്നതാണ് മൃദുഹിന്ദുത്വവും. മൃദുഹിന്ദുത്വത്തെ മുൻനിർത്തി മതേതരകക്ഷികൾ നടത്തുന്ന അനുനയ സമവായ ശ്രമങ്ങളൊക്കെയും യഥാർത്ഥത്തിൽ ഫാഷിസത്തിന് സഹായകമാണ്. അത്തരം കപടനിലപാടുകളെ തിരിച്ചറിഞ്ഞ് മതേതര കക്ഷികൾ ആർഎസ്എസിനെ തള്ളിപ്പറയണം. രാജ്യത്തിന്റെ ഉടമസ്ഥാവകാശത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കും പങ്കുണ്ടെന്ന അഭിമാനബോധം അടിസ്ഥാനമാക്കി ജനകീയ കൂട്ടായ്മകൾ ഉയർന്നുവരണം' -വാർത്താകുറിപ്പിൽ പറഞ്ഞു.
ഹിന്ദുത്വ ദേശീയതയെ മുൻനിർത്തിയാണ് ആർഎസ്എസ് ഹിന്ദുസമൂഹത്തിൽ സജീവമാകുന്നതെന്നും ഹിന്ദു ജനസാമാന്യവുമായി ഒരുതരത്തിലും ആർഎസ്എസ് മുന്നോട്ടുവെക്കുന്ന ആശയത്തിന് യോജിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. മതം ആർഎസ്എസിന് ഉന്മൂലന അജണ്ടക്ക് ഉപയോഗിക്കാൻ പാകമായ ഒരു ഉപകരണം മാത്രമാണെന്നും ഹിന്ദുമതത്തെ ചൂഷണം ചെയ്ത് ആർഎസ്എസ് നടത്തുന്ന രക്തച്ചൊരിച്ചിലുകൾ തിരിച്ചറിഞ്ഞ് ഹിന്ദുസമൂഹം ആർഎസ്എസിനെ തള്ളിപ്പറയുന്ന നിലപാടുകളുമായി മുന്നോട്ടുവരണമെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
'വംശഹത്യ ഭീഷണികളിലൂടെ മുസ്‌ലിംകളെയും ഇതര മത, സാമൂഹിക ഘടകങ്ങളെയും ഇല്ലായ്മ ചെയ്യാൻ ആർഎസ്എസ് മുറവിളി കൂട്ടുന്നുണ്ട്. യുപി തിരഞ്ഞെടുപ്പ് ഫലം മുൻനിർത്തി ഹിന്ദുരാഷ്ട്ര സ്ഥാപനം എന്ന മനക്കോട്ടകെട്ടി രാജ്യം മുഴുവൻ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ആർഎസ്എസിനെ ഈ രാജ്യത്തെ ജനങ്ങൾ അനുവദിക്കില്ല. നീതി പുലരുന്ന ഇന്ത്യക്കായി ജനത ഒരുപക്ഷത്തും ആർഎസ്എസ് മറുവശത്തുമായി വിഭജിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ആർഎസ്എസ് വിരുദ്ധ പക്ഷത്ത് അണിനിരക്കുകയാണ് ജനാധിപത്യ മതേതര വിശ്വാസികളുടെ കടമ' -വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളം അനിവാര്യമായും ഉയർന്നുവരേണ്ട സംഘപരിവാര വിരുദ്ധ ജനകീയ കൂട്ടായ്മയുടെ മുന്നണി പോരാളികളായി പോപുലർ ഫ്രണ്ട് സമര രംഗത്തുണ്ടാകുമെന്നും എല്ലാവിഭാഗം ജനങ്ങളും ഇതിൽ അണിചേർന്നുനിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്നും പ്രതിനിധിസഭ പറഞ്ഞു.
Popular Front forms Sangh Parivaramuktha Kerala Action Plan
Adjust Story Font
16