'പോപുലർ ഫ്രണ്ട് വേട്ട: പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാർ പദ്ധതിയുടെ തുടർച്ച'; ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
'സംഘപരിവാറിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും മുസ്‍ലിം സംഘടനകൾക്കും സംവിധാനങ്ങൾക്കുമെതിരായുള്ള വേട്ടയാടലുകളുടെ ഭാഗമായാണ് ഇന്ന് നടന്ന അറസ്റ്റും റെയ്ഡുമെല്ലാം'
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫീസുകളും നേതാക്കളുടെ വീടുകളും റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇ.ഡിയുടെ ഇടപെടലുകൾ പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാർ പദ്ധതിയുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. കേരള സർക്കാറിനെതിരെ ഗവർണറെ മുൻ നിർത്തി സംഘപരിവാർ നടത്തുന്ന ശീതയുദ്ധവും ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിലാണ്. സംസ്ഥാന സർക്കാർ പോലെ വളരെ വ്യവസ്ഥാപിതമായ ഭരണകൂട സംവിധാനത്തോട് പോലും യുദ്ധ പ്രഖ്യാപനം നടത്തി കൊണ്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രസ്താവനയില്‍ ആരോപിച്ചു.
ഹിന്ദുത്വ ഭരണകൂടം അധികാരത്തിൽ വന്ന ശേഷം വിദ്യാർഥികൾ, യുവാക്കൾ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഭരണകൂട വേട്ടയുടെ ഇരകളായത്. സംഘപരിവാറിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും മുസ്‍ലിം സംഘടനകൾക്കും സംവിധാനങ്ങൾക്കുമെതിരായുള്ള വേട്ടയാടലുകളുടെ ഭാഗമായാണ് ഇന്ന് നടന്ന അറസ്റ്റും റെയ്ഡുമെല്ലാം. കേന്ദ്ര സർക്കാറിന്‍റെ ഇത്തരം നീക്കങ്ങൾക്കെതിരെ ബഹുജന മുന്നേറ്റങ്ങളുണ്ടാകണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആവശ്യപ്പെട്ടു.
അതെ സമയം പോപുലർ ഫ്രണ്ട് ഓഫീസുകളിലെയും നേതാക്കളുടെ വീട്ടിലെയും റെയ്ഡുകളിൽ കേരളത്തിൽ ആകെ 25 പേർ അറസ്റ്റിലായി . ഇവരിൽ 11 പേരെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. 14 പേരെ ഡൽഹിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. ഒ.എം.എ സലാം, അബ്ദുറഹ്‌മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് ഡൽഹിക്ക് കൊണ്ടുപോകുക.
ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ പട്യാല ഹൗസ് കോടതിയിലാണ് ഹാജറാക്കുക. ഡൽഹിയിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതികളെ ഇന്ന് തന്നെ എത്തിച്ചേക്കുമെന്നാണ് വിവരം. കൊച്ചി കോടതിയിൽ ഹാജരാക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊച്ചി എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ്. ഈ മാസം 19 നാണ് ആർ.സി 2/ 2022 നമ്പറിൽ കേസ് രജിസ്റ്റർ ചെയ്തത്. യു.എ.പി.എയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. യു.എ.പി.എ 13.18. 18 ബി. 38.39 വകുപ്പുകളും ഐ.പി.സി 120 ബി. 153 എയുമാണ് ചുമത്തിയത്.
Adjust Story Font
16