Quantcast

എഡിഎമ്മിന്‍റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പി.പി ദിവ്യ

പൊലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ സംഘത്തിന് മുന്നിലും പ്രശാന്തന്‍ ആരോപണം ആവർത്തിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-10-30 05:37:16.0

Published:

30 Oct 2024 3:46 AM GMT

pp divya
X

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് പി.പി ദിവ്യ. പ്രശാന്തന്‍റെ പരാതിയെ തുടര്‍ന്നാണ് എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. പൊലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ സംഘത്തിന് മുന്നിലും പ്രശാന്തന്‍ ആരോപണം ആവർത്തിച്ചിട്ടുണ്ട് . എന്നാൽ ഈ മൊഴി പൊലീസ് കോടതിയിൽ ഹാജരാക്കിയില്ലെന്നും ദിവ്യ ആരോപിച്ചു.

പ്രസ്തുത മൊഴി ഹാജരാക്കിയാൽ പ്രശാന്തന്‍ പണം നൽകി എന്ന ആരോപണം സാധൂകരിക്കപ്പെട്ടേനെ. കോടതിയിൽ സമർപ്പിക്കുന്ന ജാമ്യ ഹരജിയിലാണ് പൊലീസിനെതിരായ ദിവ്യയുടെ ആരോപണം. ഹരജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. നവീൻ ബാബുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തിഹത്യയെന്ന പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും വാദം അംഗീകരിച്ച കോടതി ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്. ദിവ്യയുടെ ജാമ്യ ഹരജി ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിക്കും . ജാമ്യാപേക്ഷയെ നവീൻ ബാബുവിന്‍റെ കുടുംബം എതിർക്കും. ഹരജിയിൽ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയിലും മഞ്ജുഷ കക്ഷി ചേർന്നിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

നിലവിൽ ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടി സംബന്ധിച്ച കാര്യങ്ങളും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.



TAGS :

Next Story