ഒടുവിൽ ദിവ്യയ്‌ക്കെതിരെ സിപിഎം നടപടി; പാർട്ടി പദവികളിൽനിന്നു നീക്കും
ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വിലയിരുത്തല്‍
കണ്ണൂർ: ഏറെ വിവാദങ്ങൾക്കൊടുവിൽ പി.പി ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം. പാർട്ടി പദവികളിൽനിന്ന് നീക്കും. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. തീരുമാനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധിപറയാനിരിക്കെയാണ് പാര്‍ട്ടി നടപടിയിലേക്കു കടക്കുന്നത്. ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനാണു ജില്ലാ നേതൃത്വം ശിപാർശ ചെയ്തിരിക്കുന്നതെന്നാണ് അറിയുന്നത്. ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാകും ദിവ്യയെ തരംതാഴ്ത്തുക.
നേരത്തെ, നവീന്‍ ബാബു കേസില്‍ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യഹരജി നല്‍കിയത്. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പ് ചടങ്ങിലെ പരാമർശങ്ങൾ തെറ്റായിപ്പോയെന്ന് വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കുടുംബം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
Summary: PP Divya will be removed from CPM party posts
Adjust Story Font
16