എഡിഎമ്മിന്‍റെ മരണം; പി.പി ദിവ്യയുടെ ജാമ്യഹരജിയിൽ വിധി ഇന്ന്
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.ടി നിസാർ അഹമ്മദ് ആണ് വിധി പറയുക
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ റിമാൻഡിൽ കഴിയുന്ന പി.പി ദിവ്യ സമർപ്പിച്ച ജാമ്യഹരജിയിൽ വിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.ടി നിസാർ അഹമ്മദാണ് ജാമ്യപേക്ഷയിൽ വിധി പറയുക.
ഹരജിയിൽ ചൊവ്വാഴ്ച കോടതി വിശദമായി വാദം കേട്ടിരുന്നു. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാൻഡ് ചെയ്തത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പൊലീസിനെ വിമർശിച്ചിട്ടില്ലെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട ദിവ്യക്കെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചു. ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനുള്ള ശുപാർശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ദിവ്യക്ക് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
Adjust Story Font
16