പി.പി ഷൈജലിനെ എം.എസ്.എഫ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കി
എം.എസ്.എഫിന്‍റെയും മുസ്‍ലിം ലീഗിന്‍റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു
പി.പി ഷൈജലിനെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കി. എം.എസ്.എഫിന്‍റെയും മുസ്‍ലിം ലീഗിന്‍റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണെന്ന് ഷൈജല്‍ അഭിപ്രായപ്പെട്ടിരുന്നു. ഹരിതയ്ക്ക് നീതി ലഭിച്ചില്ലെന്നു തന്നെയാണ് തന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സ്ഥിതിയാണ് പാര്‍ട്ടിയിലുള്ളത്. ഹരിതയ്ക്കു പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ എം.എസ്.എഫ് നേതൃത്വവുമായി കൂടിയാലോചന നടത്തിയില്ല. ഹരിത വിഷയത്തില്‍ ലീഗിന് രണ്ടു നിലപാടുണ്ടായിരുന്നുവെന്ന തന്‍റെ ശബ്ദരേഖ എം.എസ്.എഫ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷൈജല്‍ ആരോപിച്ചിരുന്നു.
അതേസമയം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരായ പരാതിയിൽ ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. ഹരിത മുൻ ഭാരവാഹികൾ ഇന്ന് കോഴിക്കോട് വാർത്ത സമ്മേളനവും വിളിച്ചിട്ടുണ്ട്.
Adjust Story Font
16