പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍; കരിദിനം ആചരിച്ച് ദ്വീപ് നിവാസികള്‍
വീടുകള്‍ തോറും കരിങ്കൊടി ഉയരും. കറുത്ത ബാഡ്ജും മാസ്കും ധരിച്ച് പ്രതിഷേധമറിയിക്കും.
വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തുന്നു. ഉച്ചക്ക് 1.30ഓടെ അഗത്തി വിമാനത്താവളത്തിലെത്തും. ഒരാഴ്ചയാണ് സന്ദർശനം.
വിവാദ നിയമങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന ദ്വീപിലെ പര്യടന പരിപാടി ഈ മാസം 20 വരെ നീണ്ടുനില്‍ക്കും. എന്നാല്‍ പ്രഫുല്‍ പട്ടേലിന്‍റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. പ്രതിഷേധ പരിപാടികള്‍ വീടുകളില്‍ തന്നെ നടക്കും.
ആഘോഷ പൂര്‍വം അഡ്മിനിസ്ട്രേറ്റര്‍മാരെ വരവേറ്റിരുന്ന ദ്വീപിലെ ജനങ്ങള്‍ ഇന്ന് കരിദിനമാചരിച്ചാണ് പ്രഫുല്‍ പട്ടേലിനെ വരവേല്‍ക്കുന്നത്. വീടുകള്‍ തോറും കരിങ്കൊടി ഉയരും. കറുത്ത ബാഡ്ജും മാസ്കും ധരിച്ച് പ്രതിഷേധമറിയിക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ പ്രതിഷേധം ലോകത്തെ അറിയിക്കാനും സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നല്‍കാനും സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുന്നുണ്ട്.
Adjust Story Font
16