ഐഎഎസ് ചേരിപ്പോര് ശക്തമാകുന്നു; ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങളുമായി എൻ. പ്രശാന്ത് ഐഎഎസ്
ഏഴ് ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷം മെമ്മോയ്ക്ക് മറുപടി നൽകാമെന്ന് പ്രശാന്ത്
തിരുവനന്തപുരം: പുതിയ തലത്തിലേക്കുയർന്ന് ഐഎഎസ് ചേരിപ്പോര്. ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാതെ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് എൻ. പ്രശാന്ത് ഐഎഎസ്. ഏഴു കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നാണ് എൻ. പ്രശാന്ത് ചോദിച്ചത്. ഇതിനുശേഷം ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാമെന്ന് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ ജയതിലകും ഗോപാലകൃഷ്ണനും പരാതി നൽകിയിട്ടില്ല പിന്നെ സർക്കാറെന്തിനാണ് സ്വന്തം നിലയ്ക്ക് മെമ്മോ നൽകുന്നത് എന്നതതാണ് ആദ്യ ചോദ്യം. സസ്‌പെൻഡ് ചെയ്യുന്നതിനും ചാർജ് മെമ്മോ നൽകുന്നതിനും മുമ്പ് എന്തുകൊണ്ട് തന്റെ ഭാഗം കേട്ടില്ലെന്നും പ്രശാന്ത് ചോദിക്കുന്നു. ചാർജ് മെമ്മോകൾക്കൊപ്പം വെച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് ആരാണ് ശേഖരിച്ചത്, ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് പ്രശാന്ത് ഉന്നയിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥനെ വിമർശിച്ചു എന്നും സസ്‌പെൻഷനിൽ ആയ ശേഷം മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നും കുറ്റപ്പെടുത്തിയാണ് ചീഫ് സെക്രട്ടറി പ്രശാന്തിന് ചാർജ്ജ് മെമ്മോ അയച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന് നേരെയാണ് പ്രശാന്ത് പരസ്യവിമർശനം ഉന്നയിച്ചത്.
സംസ്ഥാനത്തെ രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ആഴ്ചകൾക്ക് മുമ്പ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരിൽ കെ.ഗോപാലകൃഷ്ണനെയും മുതിർന്ന ഉദ്യോഗസ്ഥരെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന്റെ പേരിൽ എൻ.പ്രശാന്തിനെയും ആണ് സസ്പെൻഡ് ചെയ്തത്.
വാർത്ത കാണാം-
Adjust Story Font
16