തട്ടിപ്പുകേസിലെ പ്രതി പ്രവീൺ റാണയെ തൃശൂരിലെത്തിച്ചു; ഇന്ന് കോടതിയിൽ ഹാജരാക്കും
പൊലീസിന് നേരെ ആക്രമണം അഴിച്ചു വിട്ട റാണയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്
പ്രവീണ്‍ റാണ
തൃശൂര്‍: തൃശൂർ സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ കസ്റ്റഡിയിൽ. തമിഴ്നാട് പൊള്ളാച്ചി ദേവരായ പുരത്തെ കരിങ്കൽ ക്വാറിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. പൊലീസിന് നേരെ ആക്രമണം അഴിച്ചു വിട്ട റാണയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
സിനിമ കഥയെ വെല്ലുന്ന രീതിയിൽ ആണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌ക്വാഡും ഈസ്റ്റ് സി ഐ യുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടികൂടിയത്. സന്യാസി വേഷത്തിൽ കരിങ്കൽ ക്വാറിയിൽ കഴിഞ്ഞിരുന്ന റാണയെ കണ്ടെത്താൻ സഹായിച്ചത് വീട്ടിലേക്കുള്ള ഫോൺ വിളിയാണ്. സ്വന്തം ഫോൺ ഉപേക്ഷിച്ച ഇയാൾ ഇതര സംസ്ഥാനക്കാരന്‍റെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ച കോൾ പൊലീസ് പിന്തുടരുകയായിരുന്നു. പെരുമ്പാവൂർ സ്വദേശി ഒരുക്കിയ ഒളി സങ്കേതത്തിൽ എത്തിയ പൊലീസിനെ ബോഡിഗാർഡുകളെ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ റാണയെ ബലം പ്രയോഗിച്ച് പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. തൃശൂരിൽ എത്തിച്ച ഇയാളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
Adjust Story Font
16