Quantcast

പ്രയാഗയും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്‍റെ മുറിയിലെത്തിയത് ലഹരി പാര്‍ട്ടിക്ക്

ഓംപ്രകാശിന്‍റെ സുഹൃത്തുക്കളുൾപ്പെടെ ചേർന്നാണ് കൊച്ചിയിലെ ആഡംബര ഹോട്ടൽ മുറിയിൽ പാർട്ടി ഒരുക്കിയത്

MediaOne Logo

Web Desk

  • Published:

    8 Oct 2024 2:14 AM

Prayaga and Sreenath Bhasi
X

കൊച്ചി: സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഗുണ്ടാത്തലവൻ ഓംപ്രകാശിന്‍റെ മുറിയിലെത്തിയത് ലഹരിപാർട്ടിക്കെന്ന് വിവരം. ഓംപ്രകാശിന്‍റെ സുഹൃത്തുക്കളുൾപ്പെടെ ചേർന്നാണ് കൊച്ചിയിലെ ആഡംബര ഹോട്ടൽ മുറിയിൽ പാർട്ടി ഒരുക്കിയത്. താരങ്ങളെ ഉടന്‍ ചോദ്യം ചെയ്യും.

ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഹോട്ടലിൽ എത്തിച്ച എളമക്കര സ്വദേശിയുടെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നലെയാണ് എളമക്കര സ്വദേശി ബിനു ജോസഫിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കേസിൽ ഇയാളും ലഹരി ഇടപാടിൽ പങ്കാളിയായിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇരുവർക്കും പൊലീസ് ഉടൻ നോട്ടീസ് നൽകും.

കൊച്ചിയിലെ ലഹരി ഇടപാടുകളിൽ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിന്‍റെ ഭാഗമായാണോ താരങ്ങൾ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ, ലഹരിക്കേസിൽ കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്ന് ഓം പ്രകാശിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാൾ. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസിൽനിന്ന് കൊക്കെയ്ൻ പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്.

ചോദ്യംചെയ്യുന്നതിനിടയിൽ മറ്റാരെങ്കിലും മുറിയിൽ വന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കാൻ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥും പ്രയാഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് താരങ്ങൾ എത്തിയതായി വ്യക്തമായി. ഹോട്ടലിലെ രജിസ്റ്ററിലും ഇവരുടെ സന്ദർശനം രേഖപ്പെടുത്തിയിരുന്നു. താരങ്ങളടക്കം 20 പേർ മുറിയിലെത്തിയിരുന്നതായാണ് വിവരം.

TAGS :

Next Story