നെഗറ്റീവ് എനർജി പുറന്തള്ളാൻ തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ പ്രാർഥന
ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് പരാതി. കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
തൃശൂർ: തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തിയതായി ആരോപണം. ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് പരാതി. കലക്ട്രേറ്റിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ ആഴ്ചകൾക്ക് മുമ്പാണ് പ്രാർഥന നടത്തിയത്. വൈകീട്ട് 4.30-ഓടെയാണ് പ്രാർഥനയിൽ പങ്കെടുക്കണമെന്ന് ഓഫീസർ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും പ്രാർഥനയിൽ പങ്കെടുക്കേണ്ടിവന്നു. ജീവനക്കാരിൽ ഒരാൾ തന്നെയാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനക്ക് നേതൃത്വം നൽകിയത്.
ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാം കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനാൽ നിർദേശം ധിക്കരിക്കാൻ പലർക്കും ധൈര്യം വന്നില്ല. ഓഫീസിൽ നെഗറ്റീവ് എനർജിയുണ്ടെന്ന പരാതി ഓഫീസർ പതിവായി പറയാറുണ്ടായിരുന്നു. അതാണ് പല പ്രശ്‌നങ്ങൾക്കും കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാർഥന നടത്തിയത്. ജീവനക്കാരിൽ ഒരാളുടെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.
Adjust Story Font
16