സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് വ്യാജ വീഡിയോ; പരാതി നൽകി വൈദികൻ
വൈദികനും ഇടവകാംഗങ്ങളും സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർഥിക്കുന്നു എന്ന തരത്തിലാണ് ബിജെപി വീഡിയോ പ്രചരിപ്പിച്ചത്
തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു എന്ന തരത്തിൽ വൈദികന്റെ പേരിൽ വീഡിയോ പ്രചരിക്കുന്നതിനെതിരെ പരാതി. പുതുക്കാട് ഫെറോന വികാരി ഫാ: പോൾ തെക്കനത്തിന്റെ പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോക്കെതിരെ വൈദികൻ പൊലീസിൽ പരാതി നൽകി.
വൈദികനും ഇടവകാംഗങ്ങളും സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർഥിക്കുന്നു എന്ന തരത്തിലാണ് ബിജെപി വീഡിയോ പ്രചരിപ്പിച്ചത്. നേരത്തേ പുതുക്കാട് വെച്ച്, സുരേഷ് ഗോപിയുൾപ്പടെ പങ്കെടുത്ത ഒരു യോഗത്തിൽ ഫാ.പോൾ സംസാരിക്കുന്നതിന്റെ ഒരു ഭാഗം എഡിറ്റ് ചെയ്തതാണ് വീഡിയോ. ബിജെപി ന്യൂനപക്ഷ മോർച്ചയുടെ പേരിൽ സംഘടിപ്പിച്ച കോഫി വിത്ത് സുരേഷ് ഗോപി എന്ന പരിപാടി ആയിരുന്നു ഇത്.
പാർട്ടിഭേദമന്യേ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് വൈദികനെയടക്കം വിളിച്ച് പരിപാടി സംഘടിപ്പിച്ചത്. പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങൾ അറിയുകയായിരുന്നു ലക്ഷ്യം. യാതൊരു രാഷ്ട്രീയലക്ഷ്യവുമില്ല എന്ന് നേരത്തേ അറിയിച്ചാണ് ഫാ.പോളിനെയും മറ്റ് അംഗങ്ങളെയും പരിപാടിക്ക് ക്ഷണിച്ചത്. ഈ പ്രസംഗത്തിൽ വൈദികന് സംസാരിച്ച ഒരു ഭാഗം എടുത്ത് എഡിറ്റ് ചെയ്ത് സുരേഷ് ഗോപിക്ക് വോട്ട് അഭ്യർഥിക്കുന്ന രീതിയിൽ ബിജെപി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പൊലീസിനും സൈബർ സെല്ലിനും വൈദികൻ പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16