Quantcast

ആരാധനാക്രമം ഏകീകരിക്കാനുള്ള ശ്രമത്തിനെതിരെ അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രതിഷേധം

കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളിൽ വായിക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദികര്‍.

MediaOne Logo

Web Desk

  • Published:

    29 Aug 2021 2:09 AM GMT

ആരാധനാക്രമം ഏകീകരിക്കാനുള്ള ശ്രമത്തിനെതിരെ അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രതിഷേധം
X

ആരാധനാ ക്രമം ഏകീകരിക്കാനുള്ള സിറോ മലബാർ സഭ സിനഡ് തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ പ്രതിഷേധം കടുപ്പിക്കുന്നു. കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളിൽ വായിക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദികര്‍. സിനഡ് തീരുമാനത്തിനെതിരെ വാദിക്കാൻ വത്തിക്കാനിലേക്ക് പ്രതിനിധി സംഘത്തെ ഉടൻ അയക്കാനും തീരുമാനം ഉണ്ട്.

ആരാധനക്രമം ഏകീകരണവുമായി ബന്ധപ്പെട്ട് സിറോമലബാർ സഭാ നേതൃത്വവും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും തമ്മിൽ ചേരിപ്പോര് തുടരുകയാണ്. അതിരൂപതയുടെ കീഴിൽ വരുന്ന പള്ളികളിൽ ജനാഭിമുഖമായി കുർബാന അർപ്പിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വൈദികര്‍ പറയുന്നു. സിനഡ് തീരുമാനത്തിനെതിരെ ആർച് ബിഷപ്പ് ആന്‍റണി കരിയിൽ അടങ്ങുന്ന സംഘം മാർപാപ്പയെ നേരിൽ കണ്ടു വിശദീകരിക്കണം എന്നതാണ് വൈദികരുടെ ആവശ്യം. വരും ദിവസങ്ങളില്‍ സിനഡ് തീരുമാനത്തിനെതിരെ വിവിധ പ്രധിഷേധ പരിപാടികൾ നടത്താനാണ് എറണാകുളം അങ്കമാലി അതിരൂപത വൈദികരുടെ തീരുമാനം . ചങ്ങനാശ്ശേരി അതിരൂപതയ്‌ക്കെതിരെയും വൈദികര്‍ ഇന്നലെ പരസ്യ പ്രസ്താവന നടത്തിയിരുന്നു.

കർദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിനോടുള്ള എതിർപ്പും പരോക്ഷമായി വൈദികർ പ്രകടിപ്പിക്കുന്നുമുണ്ട്. തങ്ങളുടെ നിലപാടിനൊപ്പം നിൽക്കുന്ന മറ്റ് അതിരൂപതകളിലെയും രൂപതകളിലെയും മെത്രാന്മാരുടെയും വൈദികരുടെയും പിന്തുണ തേടാനുള്ള ശ്രമവും എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍‌ നടത്തിവരികയാണ്. സെപ്റ്റംബർ അഞ്ചിന് പള്ളികളിൽ വായിക്കേണ്ട കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുമെന്നും എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍ പറയുന്നു. അങ്ങനെയെങ്കിൽ സിറോ മലബാർ സഭയില്‍ ഇതുവരെ കാണാത്ത തുറന്ന പോരിലേക്ക് കാര്യങ്ങൾ എത്തും .

TAGS :

Next Story