'വി.സി നിയമനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗവർണർക്ക്'; പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസിമാരാണോയെന്ന് മുഖ്യമന്ത്രി
ഗവർണർ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണെന്നും മുഖ്യമന്ത്രി
പാലക്കാട്: വി.സിമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനാധികാരി ഗവർണറാണെന്നിരിക്കെ വി.സി നിയമനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസിമാരാണോയെന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നീതിയും നിയമവും നിഷ്‌കർഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണർ മറക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.സിമാർ രാജിവെച്ചില്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി പുറത്താക്കുമെന്ന് രാജ്ഭവൻ നിർദേശം നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിലേക്കുള്ള കടന്നുകയറ്റമാണ് ഗവർണറുടേത്. ഗവർണർ പദവി സർക്കാറിനെ പ്രതിസന്ധിയിലാക്കാനുള്ളതല്ലെന്നും ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അന്തസ് കാത്തു സൂക്ഷിക്കുകയെന്നതാണ് ഗവർണറുടെ ഉത്തരവാദിത്തം. ഗവർണർ സംഘപരിവാർ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അക്കാദിക രംഗത്ത് മികവ് പുലർത്തുന്ന സർവകലാശലകളെ നശീകരിക്കുകയാണ് ഗവർണറുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈസ് ചാൻസലർമാരുടെ ഭാഗം കേൾക്കാതെയാണ് ഗവർണറുടെ ഏകപക്ഷീയ നീക്കം. സർവകലാശാലകളുടെ നടത്തിപ്പിനിനെയാകെ അസ്ഥിരപെടുത്താനാണ് ചാൻസിലറുടെ ശ്രമം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും വി.സിമാരെ നിയമിക്കുന്നത് പോലെ തന്നെയാണ് കേരളവും നിയമിക്കുന്നത്. രാജ്യത്ത് കാര്യങ്ങൾ നടക്കുന്നത് ഭരണഘടനയും, കീഴ് വഴക്കങ്ങളും, നിയമങ്ങളും അനുസരിച്ചാണെന്നും മുഖ്യമന്ത്രി വിശദമാക്കി.
യു.ജി.സി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവകലാശാലാ വി.സിയെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ മറ്റു വി.സിമാർക്കെതിരെ തിരിഞ്ഞത്. എന്നാൽ സുപ്രിംകോടതി വിധി മറ്റു വിസിമാർക്ക് ബാധകമല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പൊതു ഹരജിയാണെങ്കിൽ എല്ലാവർക്കും വിധി ബാധകമാണെന്ന് സുപ്രീം കോടതി തന്നെ പറയുമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി.സിമാരോട് രാജി ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ല. മോശം പെരുമാറ്റം, ഫണ്ട് വിനിയോഗത്തിലെ പ്രശ്‌നം ഇവ കൊണ്ടു മാത്രമേ വി സിമാരെ നീക്കാൻ കഴിയൂ. വി സിമാരെ നീക്കം ചെയ്യാൻ നടപടി ക്രമം പാലിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
യൂണിവേഴ്‌സിറ്റി ആക്ടിൽ ചാൻസലർക്ക് വി.സിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. വിസിമാരോട് രാജിവെക്കണമെന്ന് ആവശ്യപ്പെടാനോ പിരിച്ചുവിടാനോ ആവശ്യപ്പെടാൻ കേരളത്തിലെ ഗവർണർക്ക് നിയമപരമായി അധികാരമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമനിർമ്മാണ പ്രക്രിയയിൽ സഹകരിക്കാത്തതിലും മുഖ്യമന്ത്രി കടുത്ത അതൃപ്തി അറിയിച്ചു. ഗവർണർ ബില്ലുകൾ ഒപ്പുവെക്കാതെ പിടിച്ചുവെക്കുന്നതിൽ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16