പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ ആരംഭിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗവർണറും മുഖ്യമന്ത്രിയും മോദിയെ സ്വീകരിച്ചു
കൊച്ചി: കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ആരംഭിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയെ സ്വീകരിച്ചു.
തുടർന്നാണ് കൊച്ചിയിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുത്തത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്ന് ഗവ.ഗസ്റ്റ് ഹൗസ് വരെയായാണ് റോഡ് ഷോ. റോഡ് ഷോയിൽ ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകർ പങ്കെടുത്തു.
അതിനിടെ, പ്രധാനമന്ത്രിക്ക് എതിരെ ലോ കോളേജിൽ കെ.എസ്.യു ഉയർത്തിയ ബാനർ പൊലീസ് നീക്കം ചെയ്തതിന് കെ.എസ്.യു- ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. നാളെ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരം കനത്ത സുരക്ഷാവലയത്തിലായിരുന്നു. റോഡ് ഷോയ്ക്ക് ശേഷം ഇന്ന് കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂരില്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തൃപ്രയാർ ക്ഷേത്രത്തില്‍ ദർശനം നടത്തും.
പിന്നീട് കൊച്ചിയിലെത്തുന്ന മോദി കൊച്ചിൻ ഷിപ്പ് യാഡിന്റെ രാജ്യാന്തര കപ്പല്‍ റിപ്പയറിംഗ് കേന്ദ്രം,പുതിയ ഡ്രൈ ഡോക്ക് എന്നിവ രാജ്യത്തിന് സമർപ്പിക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബി.ജെ.പി യോഗത്തില്‍ കൂടി പങ്കെടുത്ത ശേഷമായിരിക്കും മോദി ഡല്‍ഹിയിലേക്ക് മടങ്ങുക.
Adjust Story Font
16