യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കണ്ണൂരില്‍ സ്വകാര്യ ഏജൻസി കോടികൾ തട്ടിയതായി പരാതി
തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ്‌സ് കൺസൾട്ടൻസിയെന്ന ട്രാവൽ ഏജൻസിയുടെ തട്ടിപ്പിനിരയായത് നൂറോളം പേരാണ്. 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ പലർക്കും നഷ്ടപ്പെട്ടു
കണ്ണൂർ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി കോടികൾ തട്ടിയതായി പരാതി. തൊഴിൽ തട്ടിപ്പിന് ഇരയായ വയനാട് സ്വദേശി ആത്മഹത്യ ചെയ്തു. സ്ഥാപനം പൂട്ടി മുങ്ങിയ ഉടമയ്‌ക്കെതിരെ തട്ടിപ്പിനിരയായവർ കണ്ണൂർ ഐ ജി ക്ക് പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബർ 27 നായിരുന്നു വയനാട് ബത്തേരി തൊടുവട്ടി സ്വദേശി അനൂപ് ടോമി എന്ന 27 കാരൻ ആത്മഹത്യ ചെയ്തത്. സ്വകാര്യ വ്യക്തികളിൽ നിന്നടക്കം വായ്പ വാങ്ങി 6 ലക്ഷത്തോളം രൂപയാണ് അനൂപ് ഏജൻസിക്ക് കൈമാറിയത്. എന്നാൽ വൈകാതെ കബളിപ്പിക്കൽ മനസ്സിലായി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും ലഭിച്ചില്ല. പിന്നാലെ ഏജൻസി പൂട്ടി ഉടമ മുങ്ങി. കടം വാങ്ങിയവർ പണം തിരികെ ചോദിച്ചതോടെ ഈ യുവാവിന് മുന്നിൽ പിടിച്ചു നിൽക്കാൻ മറ്റ് വഴികൾ ഒന്നും ഉണ്ടായില്ല.
ഇത് അനൂപിന്റെ മാത്രം അനുഭവമല്ല. തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ്‌സ് കൺസൾട്ടൻസിയെന്ന ട്രാവൽ ഏജൻസിയുടെ തട്ടിപ്പിനിരയായത് ഇത്തരത്തിൽ നൂറോളം പേരാണ്. 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് പലർക്കും നഷ്ടപ്പെട്ടത്. ആദ്യം ബെൽജിയത്തിലേക്ക് ആയിരുന്നു തൊഴിൽ വാഗ്ദാനം, പിന്നീട് യുകെയിലേക്കും. ഐ.ഇ.എൽ.ടി.എസ് ( IELTS )യോഗ്യത ഇല്ലാത്ത തന്നെ തൊഴിൽ വിസ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി വിശ്വസിപ്പിച്ച് പല രേഖകകളും ഉദ്യോഗാർഥികൾക്ക് നൽകിയെങ്കിലും എല്ലാം വ്യാജമായിരുന്നു. ഏജൻസി ഉടമ പി.പി കിഷോറിനെതിരെ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവർ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ നായർക്ക് പരാതി നൽകിയത്.
Adjust Story Font
16