കോവിഡ് ചികിത്സ: മുറികളുടെ വാടക സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍
ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരായ ലാബ് ഉടമകളുടെ ഹരജി ഹൈക്കോടതി തള്ളി
കോവിഡ് ചികിത്സയിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മുറികളുടെ വാടക ഉടമകൾക്ക് നിശ്ചയിക്കാമെന്ന് സർക്കാർ. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എന്നാൽ, വാർഡിലും ഐസിയുവിലും ചികിത്സയിൽ കഴിയുന്ന ഇൻഷുറൻസ് ഉള്ളവരിൽനിന്ന് സർക്കാർ നിരക്ക് മാത്രമേ ഈടാക്കാവൂവെന്നും നിർദേശമുണ്ട്. അതേസമയം, ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരായ ലാബ് ഉടമകളുടെ ഹരജി ഹൈക്കോടതി തള്ളി.
സ്വകാര്യ ആശുപത്രികളുടെ കൊവിഡ് ചികിത്സാനിരക്ക് ഏകീകരിച്ച ഉത്തരവിൽ മുറിവാടക സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്നാണ് പുതിയ ഉത്തരവിലുള്ളത്. വാടകത്തുക എത്രത്തോളം ഈടാക്കാമെന്നത് സംബന്ധിച്ച് ഉത്തരവിൽ വ്യക്തതയില്ല. നിരക്ക് പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
ആരോഗ്യ സുരക്ഷാ പദ്ധതിയായ 'കാസ്പ്' കാർഡുള്ളവർക്കും സർക്കാർ റഫർ ചെയ്യുന്നവർക്കും ഉത്തരവ് ബാധകമല്ല. വാർഡ്, ഐസിയു വെന്റിലേറ്റർ എന്നിവിടങ്ങളിൽ ചികിത്സ തേടുന്നവർക്ക് സർക്കാർ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് നിർദേശമുണ്ട്. നേരത്തെ ഗുരുതര അസുഖങ്ങളുള്ളവർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുമ്പോഴും സർക്കാർ നിരക്കേ ഈടാക്കാവൂവെന്നായിരുന്നു സർക്കാർ ഉത്തരവ്.
അതേസമയം, ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരേ ലാബ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. നിരക്ക് കുറച്ച ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Adjust Story Font
16