കത്‌വ ഫണ്ട് തിരിമറി: സ്വകാര്യ അന്യായം ഫയൽ ചെയ്ത് പരാതിക്കാരൻ
പി.കെ ഫിറോസിനും സി.കെ സുബൈറിനും കുന്ദമംഗലം കോടതി നോട്ടിസയച്ചു
പി.കെ ഫിറോസ്
കോഴിക്കോട്: കത്‌വ ഫണ്ട് തിരിമറിക്കേസിൽ പരാതിക്കാരൻ സ്വകാര്യ അന്യായം ഫയൽ ചെയ്തു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുള്ള കള്ളക്കേസാണിതെന്ന് ഇന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് മുൻ യൂത്ത് ലീഗ് നേതാവ് കൂടിയായ പരാതിക്കാരൻ യൂസുഫ് പടനിലത്തിന്റെ ഹരജി. ഇതിൽ പി.കെ ഫിറോസിനും സി.കെ സുബൈറിനും കുന്ദമംഗലം കോടതി നോട്ടിസയച്ചു.
കത്‌വ ഫണ്ട് തട്ടിപ്പ് ആരോപണം വ്യാജമാണെന്ന് നേരത്തെ പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാഷ്ട്രീയവൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ വെറുതെ പരാതി നൽകിയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കുന്ദമംഗലം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുന്ദമംഗലം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈർ എന്നിവർക്കെതിരെയായിരുന്നു ആരോപണം. കത്‌വയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ നിയമനടപടിക്കുള്ള ധനസഹായാർത്ഥം ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ ഫിറോസും സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി.
കത്വ ഫണ്ട് കെ.ടി ജലീലും വി. അബ്ദുറഹ്മാനും ഉൾപ്പെടെയുള്ള ഇടതുനേതാക്കൾ ഗൂഢാലോചനയിലൂടെ സൃഷ്ടിച്ച കള്ളക്കേസാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പ്രതികരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇത്തരമൊരു കള്ളക്കേസ് വന്നത്. കേസിൽ പരാതിക്കാർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. ഏത് അന്വേഷണവും നേരിടാനും തയാറാണെന്നും ഫിറോസ് വ്യക്തമാക്കി.
Summary: The complainant filed a private suit in the Kathua fund misappropriation case against Muslim Youth League leaders PK Firos and CK Zubair
Adjust Story Font
16