സ്വകാര്യവത്കരണ നടപടികൾ ഊർജിതം; വിദേശ കമ്പനി പ്രതിനിധികൾ ബെമൽ സന്ദർശിച്ചു
ബെമലില്‍ കേന്ദ്രസര്‍ക്കാരിനുള്ള 54 ശതമാനം ഓഹരിയില്‍ 26 ശതമാനമാണ് വില്‍പന നടത്തുന്നത്
പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ ബെമൽ സ്വകാര്യവത്ക്കരിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കി. ഓഹരി വാങ്ങുന്നതിനുള്ള അന്തിമ പട്ടികയിലുൾപ്പെട്ട കമ്പനി പ്രതിനിധികൾ കഞ്ചിക്കോട്ടെ ബെമലിലെത്തി. തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ ആയിരുന്നു സന്ദര്‍ശനം.
ബെമൽ വിൽപന നടത്തുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ വിദേശത്ത് നിന്നടക്കമുള്ള 6 കമ്പനികളുടെ അന്തിമ പട്ടികയാണ് തയ്യാറാക്കിയത്. പട്ടികയിലുൾപ്പെട്ട വിദേശ കമ്പനി പ്രതിനിധികളും കേന്ദ്ര സർക്കാർ പ്രതിനിധിയുമാണ് പരിശോധനകൾക്കായി കഞ്ചിക്കോട് ബെമലിലെത്തിയത്. ഇവരെത്തിയതറിഞ്ഞതോടെ സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിൽ കമ്പനിക്കു മുന്നിൽ പ്രതിഷേധം നടത്തി. അന്തിമപട്ടികയിലുള്‍പ്പെടുത്തിയ കമ്പനികളുടെ വിവരങ്ങള്‍ പോലും പുറത്ത് വിടാതെ സ്വകാര്യമായാണ് വില്‍പന നീക്കമെന്നാണ് ആക്ഷേപം.
ബെമലില്‍ കേന്ദ്രസര്‍ക്കാരിനുള്ള 54 ശതമാനം ഓഹരിയില്‍ 26 ശതമാനമാണ് വില്‍പന നടത്തുന്നത്. വില്‍പന നീക്കം നടക്കുന്നതിനിടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 94 കോടി രൂപയുടെ ലാഭം ബെമലുണ്ടാക്കിയിരുന്നു. രാജ്യാന്തര ടെന്‍ഡറിലൂടെ നേടിയ 12000 കോടി രൂപയുടെ ഓര്‍ഡര്‍ നിലവില്‍ ബെമലിനുണ്ട്. കരസേനക്ക് ആവശ്യമായ ഭൂരിഭാഗം വാഹനങ്ങളും ബെമലിലാണ് ഉൽപാദിപ്പിക്കുന്നത്.
വില്‍പന നടന്നാല്‍ ബെമലിന്‍റെ പൂര്‍ണ്ണ നിയന്ത്രണവും ഭൂമി ഉപയോഗിക്കാനുള്ള അവകാശവുമെല്ലാം സ്വകാര്യ കമ്പനികൾക്കാവുമെന്നാണ് വിമർശനം. സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിത കാല സമരം 305ആം ദിവസം പിന്നിട്ടു.
Adjust Story Font
16