Quantcast

'റിസർച്ച് സ്‌കോർ അവകാശവാദം മാത്രം; സർവകലാശാല നേരിട്ട് പരിശോധിച്ചിട്ടില്ല'; വിശദീകരണവുമായി പ്രിയ വർഗീസ്

അഭിമുഖം ഓൺലൈനായിരുന്നു. അത് റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൂടി വിവരാവകാശ പ്രകാരം മാധ്യമങ്ങൾ സംപ്രേഷണം ചെയ്യണമെന്നും ആത്മവിശ്വാസക്കുറവില്ലാത്തതിനാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രിയ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-08-15 13:54:16.0

Published:

15 Aug 2022 9:34 AM GMT

റിസർച്ച് സ്‌കോർ അവകാശവാദം മാത്രം; സർവകലാശാല നേരിട്ട് പരിശോധിച്ചിട്ടില്ല; വിശദീകരണവുമായി പ്രിയ വർഗീസ്
X

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ നിയമനവിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. നിയമനത്തിൽ മാനദണ്ഡമായി പറയുന്ന റിസർച്ച് സ്‌കോറായി കാണിക്കുന്നത് കംപ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങളാണെന്നും ഇത് സർവകലാശാല നേരിട്ട് പരിശോധിച്ചിട്ടില്ലെന്നും പ്രിയ വിശദീകരിച്ചു. തന്റെ 156 പോയിന്റും ജോസഫ് സ്‌കറിയയുടെ 651ഉം സ്വന്തം അവകാശവാദം മാത്രമാണെന്നും അവർ പറഞ്ഞു.

ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്‌കോറുള്ളത് പ്രിയയ്ക്കാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടാണ് ഫേസ്ബുക്കിൽ പ്രിയയുടെ വിശദീകരണം. റിസർച്ച് സ്‌കോർ ചുരുക്കപ്പട്ടിക തയാറാക്കാൻ മാത്രമേ ഉപയോഗിക്കാവുള്ളൂ എന്ന് യു.ജി.സി ചട്ടമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അഭിമുഖം ഓൺലൈനായിരുന്നു. അത് റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൂടി വിവരാവകാശ പ്രകാരം മാധ്യമങ്ങൾ സംപ്രേഷണം ചെയ്യണമെന്നും ആത്മവിശ്വാസക്കുറവില്ലാത്തതിനാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രിയ വ്യക്തമാക്കി.

കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓൺലൈൻ അപേക്ഷയായിട്ടായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. ഈ ഓൺലൈൻ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മൾ ടൈപ്പ് ചെയ്തുകൊടുക്കുന്ന മുറക്ക് സ്‌കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങനെ ഓൺലൈൻ അപേക്ഷയിൽ കംപ്യൂട്ടർ സോഫ്റ്റ്വെയർ അടയാളപ്പെടുത്തിയ അക്കങ്ങളാണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേൽ സർവകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് നടത്തിയിട്ടില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്-ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഒരു നിശ്ചിത കട്ട്ഓഫിനുശേഷമുള്ള റിസർച്ച് സ്‌കോർ പണ്ടും കണക്കിലെടുത്തിരുന്നില്ലല്ലോ! അന്ന് പത്തു പ്രബന്ധമുണ്ടെങ്കിൽ അഞ്ചെണ്ണത്തിന് മാത്രമേ മാർക്ക് കൂട്ടിയിരുന്നുള്ളൂ. അപ്പോഴും ഈ പറയുന്ന ഇന്റർവ്യൂവിന് മാർക്ക് കൂട്ടക്കൊടുത്തുവെന്ന ദുരാരോപണത്തിന് സാധ്യതയുണ്ടായിരുന്നു. ഇതിപ്പോ കണ്ണൂർ സർവകലാശാലയുടെ ഇന്റർവ്യൂ ഓൺലൈനായി നടന്നതായതുകൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുംകൂടി വിവരാവകാശം ചോദിച്ച് എടുത്തുവച്ച് ചാനലിൽ സംപ്രേഷണം ചെയ്യ്. അതിൽ മാത്രം ഇനി ചാനൽ വിധിനിർണയം നടന്നില്ലെന്നു വേണ്ട. ഒട്ടും ആത്മവിശ്വാസക്കുറവില്ലാത്തതുകൊണ്ട് ഞാൻ അതിനെ സുസ്വാഗതം ചെയ്യുന്നുവെന്നും അവർ കുറിച്ചു.

നിർദേശിക്കപ്പെട്ട അധ്യാപക നിയമന പരിചയവും പ്രിയയ്ക്കില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ, ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമന നടപടികളുമായി മുന്നോട്ടുപോയതെന്നാണ് സർവകലാശാല പ്രതികരിച്ചത്. അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്ര്യം വിഷയ വിദഗ്ധർക്കാണ്. കൂടിയ റിസർച്ച് സ്‌കോർ ഉള്ളവർ തഴയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാലയുടെ വിശദീകരണ കുറിപ്പിലുണ്ട്.

വിവാദങ്ങൾക്കിടെ പ്രിയയുടെ ഡെപ്യൂട്ടേഷൻ സംസ്ഥാന സർക്കാർ നീട്ടിയിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് ഒരു വർഷത്തേക്കാണ് നീട്ടിയത്. കേരള വർമ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രിയ. കഴിഞ്ഞ ജൂൺ 27നാണ് കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന തരത്തിൽ നേരത്തെ തന്നെ പരാതി ഉയർന്നതിനു പിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സർവകലാശാലാ സിൻഡിക്കേറ്റ് നിയമനത്തിന് അംഗീകാരം നൽകിയത്.

യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്ന് നേരത്തെയും ആക്ഷേപമുയർന്നിരുന്നു. ഗവേഷണ ബിരുദവും എട്ടു വർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂർ സർവകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, 2012ൽ തൃശൂർ കേരളവർമ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്നു വർഷത്തെ അവധിയെടുത്ത് ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. ഗവേഷണം കഴിഞ്ഞ് 2019ലാണ് സർവീസിൽ തിരിച്ചുകയറുന്നത്.

പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന പരാതിയിൽ ഗവർണർ നേരത്തെ വിശദീകരണം തേടിയിരുന്നു. കണ്ണൂർ സർവകലാശാല വി.സിയോടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയത്.

Summary: 'Research score is not verified by University'; says Priya Varghese in Kannur University appointment row

TAGS :

Next Story